സ്കോച്ച് വിസ്കി തീരുവയിൽ തർക്കം: ഇന്ത്യ-യുകെ വ്യാപാരക്കരാറിൽ ആശങ്ക; ബക്കാർഡിയുടേതടക്കം തുറമുഖങ്ങളിൽ കുടുങ്ങിയത് 80-ലധികം കണ്ടെയ്നറുകൾ

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിലെ (CETA) ഇളവുകൾ മറികടന്ന് ഇറക്കുമതി ചെയ്യുന്ന ബൾക്ക് സ്കോച്ച് വിസ്കിയുടെ തീരുവ ഇരട്ടിയാക്കാനുള്ള കസ്റ്റംസ് നടപടി വിവാദത്തിൽ. കസ്റ്റംസ് വർഗീകരണത്തിലെ സാങ്കേതിക തർക്കത്തെത്തുടർന്ന് സ്കോച്ച് വിസ്കിക്ക് 162.5 ശതമാനം വരെ നികുതി ബാധ്യത വന്നതോടെ പ്രമുഖ മദ്യനിർമ്മാണ കമ്പനികൾ പ്രതിസന്ധിയിലായി. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.

2026 ജൂലൈ 15-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുകെ വ്യാപാരക്കരാർ പ്രകാരം സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ബ്ലെൻഡിങ്ങിനായി വലിയ കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന ‘ബൾക്ക് സ്കോച്ച്’ വിസ്കിയായി കണക്കാക്കാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെയും റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെയും നിലപാട്. പാനീയ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ‘കോമ്പൗണ്ട് ആൽക്കഹോളിക് പ്രിപ്പറേഷൻസ്’ എന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

2026 മെയ് മാസത്തിൽ ധനകാര്യ നിയമത്തിലൂടെ പുതുതായി ഉൾപ്പെടുത്തിയ കസ്റ്റംസ് കോഡ് (HS 21069051) പ്രകാരം ഇത്തരം ഉൽപ്പന്നങ്ങൾക്ക് 150 ശതമാനം അടിസ്ഥാന തീരുവ ബാധകമാണ്. ഇതിന് പുറമെ അധിക ഉപഭോഗ നികുതിയും ചേരുന്നതോടെ ആകെ നികുതി 162.5 ശതമാനമായി ഉയർന്നു. വ്യാപാരക്കരാറിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന നികുതിയാണിത്.

നടപടിയെത്തുടർന്ന് പെർനോഡ് റിക്കാർഡ്, ഡിയാജിയോ, ബക്കാർഡി തുടങ്ങിയ പ്രമുഖ കമ്പനികളുടെ 80-ലധികം കണ്ടെയ്നറുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ താൽക്കാലികമായി വിട്ടുകിട്ടുന്നതിന് ചരക്കിന്റെ മൂല്യത്തിന്റെ 75 ശതമാനം മുൻകൂറായി അടയ്ക്കുകയും ബാക്കി തുകയ്ക്ക് ബാങ്ക് ഗ്യാരന്റി നൽകുകയും വേണമെന്നാണ് കസ്റ്റംസ് നിബന്ധന. ഇന്ത്യയിലേക്കുള്ള സ്കോച്ച് ഇറക്കുമതിയുടെ 80 ശതമാനവും ബൾക്ക് രൂപത്തിലായതിനാൽ ഇത് ആഭ്യന്തര വിപണിയിലെ വിസ്കി വില വർധിക്കാൻ കാരണമായേക്കും.

കരാറിലെ വ്യവസ്ഥകൾ അട്ടിമറിക്കപ്പെടുന്നത് തങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുമായി അടിയന്തര ചർച്ചകൾ ആരംഭിച്ചു. വിഷയം എത്രയും വേഗം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയവും തമ്മിൽ ഉന്നതതല ചർച്ചകൾ നടക്കുകയാണ്.

Scotch Whisky Duty Dispute: Concerns Raised Regarding India-UK Trade Deal; Over 80 Containers Stranded at Ports

More Stories from this section

family-dental
witywide