
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടെം സ്പീക്കർ ജി. സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രോ ടെം സ്പീക്കറായി നിശ്ചയിക്കപ്പെട്ട ജി. സുധാകരൻ ഇന്നലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുൻപാകെ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ പതിനാറാം നിയമസഭയിലെ ആദ്യ അംഗമായി അദ്ദേഹം അധികാരമേറ്റു. സി.പി.എമ്മുമായി അകന്ന്, യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ നിന്നാണ് ജി. സുധാകരൻ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് രാവിലെ ഒമ്പത് മണി മുതൽ സഭയിലെ ബാക്കി 139 അംഗങ്ങളും പ്രോ ടെം സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുവെക്കും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ രാവിലെ നിയമസഭയിൽ നടക്കും. യു.ഡി.എഫ് മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി കോൺഗ്രസിൻ്റെ മുതിർന്ന നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് അരൂരിൽ നിന്നുള്ള യു.ഡി.എഫ് അംഗം ഷാനിമോൾ ഉസ്മാനും മത്സരിക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ജി. സുധാകരനായിരിക്കും സഭാ നടപടികൾ നിയന്ത്രിക്കുക.
പുതിയ വി. ഡി. സതീശൻ സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29-ന് നിയമസഭയിൽ നടക്കും. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം സെക്രട്ടേറിയറ്റിൽ പുതിയ മന്ത്രിസഭയുടെ സുപ്രധാന യോഗവും ചേരുന്നുണ്ട്.
16th Kerala Legislative Assembly: MLAs to take oath today; Pro Tem Speaker G. Sudhakaran will administer the oath.















