ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം; പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ത്രികോണ മത്സരത്തിനാണ് ഇത്തവണ നിയമസഭാ മന്ദിരം സാക്ഷ്യം വഹിക്കുന്നത്. ഭരണകക്ഷിയായ യു.ഡി.എഫിനായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരരംഗത്തുണ്ട്. പ്രതിപക്ഷ മുന്നണിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും കുന്ദംകുളം എം.എൽ.എയുമായ എ.സി മൊയ്തീനാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മത്സരരംഗത്തിറങ്ങിയ ബി.ജെ.പിക്കായി ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള അംഗം ബി.ബി ഗോപകുമാറും വിധി തേടുന്നു.

ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വിജയം ഉറപ്പാണെങ്കിലും, ബി.ജെ.പിയുടെ സ്ഥാനാർത്ഥിത്വം ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. മുൻകാലങ്ങളിൽ ബി.ജെ.പിക്ക് ഒരംഗം മാത്രമായിരുന്നതിനാൽ സഭയിൽ സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച ശേഷം പിന്തുണയ്ക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇത്തവണ സഭയിൽ മൂന്ന് അംഗങ്ങളുള്ളതിനാൽ ബി.ജെ.പിക്ക് ഔദ്യോഗികമായി മത്സരരംഗത്തിറങ്ങാൻ സാധിച്ചു. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരാണ് ബി.ബി ഗോപകുമാറിൻ്റെ പേര് നിർദ്ദേശിച്ചത്.

രാവിലെ 9 മണിക്ക് പ്രോടെം സ്പീക്കർ ജി. സുധാകരൻ്റെ അധ്യക്ഷതയിലാണ് പ്രത്യേക സഭാ സമ്മേളനവും വോട്ടെടുപ്പും ആരംഭിക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. 102 അംഗങ്ങളുടെ പിന്തുണയുള്ള യു.ഡി.എഫിന് വിജയസാധ്യത ഉറപ്പാണ്. എൽ.ഡി.എഫിന് സഭയിൽ 35 അംഗങ്ങളാണുള്ളത്. തുടർന്ന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കും. തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ ശേഷം പുതിയ സ്പീക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിക്കും.

The election for the Speaker of the 16th Kerala Legislative Assembly is today

More Stories from this section

family-dental
witywide