വാഷിങ്ടൺ: H-1B വിസയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 1 ലക്ഷം ഡോളർ ഫീസ് നിയമവിരുദ്ധമാണെന്ന് യുഎസ് കോടതി വിധിച്ചു. ഫീസ് അസാധുവാക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രംപ് കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഫീസിനെതിരെ 20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് ബോസ്റ്റണിലെ ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചത്.
പ്രതിവർഷം 65,000 വിദേശ തൊഴിലാളികൾക്കാണ് H-1B വിസ അനുവദിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അധികമായി 20,000 വിസകളും ലഭിക്കും. മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുക. പിന്നീട് മൂന്ന് വർഷം കൂടി പുതുക്കാനുമാകും. H-1B വിസ ലഭിക്കുന്നവരിൽ 70 ശതമാനത്തിലേറെയും ഇന്ത്യൻ പ്രൊഫഷണലുകളാണ്. സാധാരണയായി ഒരു വിദേശ തൊഴിലാളിക്കായി H-1B വിസ അപേക്ഷ സമർപ്പിക്കുമ്പോൾ അമേരിക്കൻ കമ്പനികൾ 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി അടയ്ക്കുന്നത്.
എന്നാൽ അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം ഈ ഫീസ് 1 ലക്ഷം ഡോളറായി ഉയർത്തുകയായിരുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിക്കാനാണ് നടപടി ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. H-1B വിസ സംവിധാനത്തിൽ വ്യാപകമായ തട്ടിപ്പുകളും ദുരുപയോഗങ്ങളും നടക്കുന്നതായി ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, ഫീസ് വർധനവ് അമേരിക്കൻ കമ്പനികൾക്ക് വിദേശ വിദഗ്ധരെ നിയമിക്കുന്നത് സാമ്പത്തികമായി അപ്രായോഗികമാക്കുമെന്നും, പ്രത്യേകിച്ച് ചെറുകിട സ്ഥാപനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു. വേഗത്തിൽ അപേക്ഷ പരിഗണിക്കപ്പെടുന്നതിനായി 1 ലക്ഷം ഡോളർ ഫീസ് നൽകാൻ രണ്ടുലക്ഷത്തിലധികം പേർ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഫെബ്രുവരി 15 വരെ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് ലഭിച്ചത് വെറും 85 പേയ്‌മെന്റുകൾ മാത്രമാണെന്നാണ് വിവരം.
അതേസമയം, ഈ പുതിയ വിധി ഇന്ത്യൻ ഐടി മേഖലയിലെ ആയിരക്കണക്കിന് പ്രൊഫഷണലുകൾ ഉൾപ്പെടെ അമേരിക്കയിൽ തൊഴിൽ തേടുന്ന വിദേശ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതാണ് കോടതിയുടെ പുതിയ വിധിയെന്നാണ് വിലയിരുത്തൽ.
A US court on Monday declared that the $100,000 fee announced by US President Donald Trump on new H-1B visas for highly skilled foreign workers is unlawful and must be invalidated.










