
ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പോലീസിന്റെ അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു. 10 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷമാണ് സാക്ഷി എന്ന യുവതി ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിലാണ് ഇവർക്ക് പരിക്കേറ്റത്.
ജൂലൈ 20-ന് നടന്ന മാർച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ലാത്തിച്ചാർജിനിടെ തിക്കിലും തിരക്കിലും പെട്ടാണ് സാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റത്. മുഖത്തും നെഞ്ചിലും കടുത്ത പരിക്കുകളേറ്റതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സാക്ഷിയുടെ ജീവൻ നിലനിർത്തിയത്.
നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്. വിദ്യാർഥികളും യുവാക്കളും നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.
CJP Protest Police Assault: Injured Woman Discharged From Hospital After 10 Days Of Treatment













