ഫോമാ ട്രഷറർ സിജിൽ പാലയ്ക്കലോടിയുടെ മാതൃകാപരമായ നേതൃത്വം, പ്രവർത്തന ങ്ങൾ സംഘടനയുടെ ചരിത്രത്തിൽ സുവർണ അധ്യായം

ഹൂസ്റ്റൺ: ഫോമായുടെ ട്രഷറർ എന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷമായി സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത സിജിൽ പാലയ്ക്കലോടിയുടെ നേതൃത്വകാലം, ഫോമായുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ സുവർണഘട്ടമായി വിലയിരുത്തപ്പെടുന്നു. സാമ്പത്തിക അച്ചടക്കത്തിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും മുൻനിർത്തിയുള്ള നിരവധി ജനക്ഷേമ പദ്ധതികളിലൂടെ ഫോമായുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് ശ്രദ്ധേയമാണ്.

ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നായ കേരള കൺവൻഷനോടനുബന്ധിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്‌ധൻ ഡോ. കെ.എം ചെറിയാന്റെ മെഡിക്കൽ സ്ഥാപനവുമായി സഹകരിച്ച് അവതരിപ്പിച്ച പ്രിവിലേജ് കാർഡ് പദ്ധതി വലിയ ജനപ്രീതി നേടിയിരുന്നു. അതോടൊപ്പം മെഡിക്കൽ കാർഡ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്പത് നഴ്സിങ് വിദ്യാർത്ഥികൾക്ക് അമ്പതിനായിരം രൂപ വീതം ധനസഹായം വിതരണം ചെയ്ത പദ്ധതി സമൂഹത്തിൽ വലിയ സ്വീകാര്യത നേടുകയും നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകുകയും ചെയ്തു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽചെയറുകൾ, മുച്ചക്ര സ്കൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവ വിതരണം ചെയ്‌തതും, ഫോമാ ഹെൽപ്പിംഗ് ഹാൻഡ് പദ്ധതിയിലൂടെ ചെങ്ങന്നൂർ സ്വദേശിനിയായ ഒരു നിർധന വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം കൈമാറിയതും ഫോമായുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകളായി മാറി. കൂടാതെ സേറ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കുളത്തൂപ്പുഴയിലെ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ടൂൾ കിറ്റുകൾ വിതരണം ചെയ്തതും ശ്രദ്ധേയമായ പദ്ധതിയായിരുന്നു.

ഫോമാ ഭവന പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌പ്നം സാക്ഷാത്കരിക്കാനായപ്പോൾ, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അമ്പത് വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് സ്വയംതൊഴിലിലേക്കുള്ള വഴിയൊരുക്കുകയും ചെയ്‌തു. മെഡിക്കൽ ക്യാമ്പുകൾ, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന 750 വിധവകളായ അമ്മമാർക്ക് പുതുവസ്ത്രം, മെഡിക്കൽ കിറ്റുകൾ, സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടുത്തി നടപ്പാക്കിയ ‘അമ്മമാരോടൊപ്പം’ പദ്ധതി ഫോമായുടെ ഏറ്റവും പ്രശംസിക്കപ്പെട്ട സാമൂഹിക ഇടപെടലുകളിലൊന്നായി മാറി.

കൊച്ചിയിലെ ഗോകുലം പാർക്കിൽ സംഘടിപ്പിച്ച ഫോമാ ബിസിനസ് മീറ്റ് സംരംഭകരെ ഒരുമിപ്പിക്കുന്ന വേദിയായി മാറിയപ്പോൾ, വയനാട് ദുരന്തബാധിത പ്രദേശങ്ങൾ മനുഷ്യാവകാശ കമ്മിഷനോടൊപ്പം സന്ദർശിച്ച് ദുരിതബാധിതർക്കൊപ്പം നിലകൊണ്ടതിലൂടെ ഫോമായുടെ മാനവിക മുഖം കൂടുതൽ ശക്തമായി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഫോമാ സെൻട്രൽ റീജിയണിന്റെ സഹകരണത്തോടെ വീൽചെയറുകളും വീടുകളും വിതരണം ചെയ്‌തതും സംഘടനയുടെ സേവനപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ അധ്യായമായി.

അമേരിക്കൻ മലയാളി സമൂഹത്തെയും ഒരുപോലെ ഉൾക്കൊണ്ട പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ ഫോമാ സംഘടിപ്പിച്ചത്. യുവജനങ്ങൾക്കും വനിതകൾക്കുമായി വിവിധ സെമിനാറുകൾ, യൂത്ത് കൺവൻഷൻ, വിമൻസ് സമ്മിറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച് പുതിയ തലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും നേതൃത്വം നൽകി.

രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് വർണാഭമായ ഫോമാ കുടുംബ കൺവൻഷൻ നടക്കുകയാണിപ്പോൾ. ഒക്ടോബറിൽ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതുവരെ വിവിധ പദ്ധതികൾ തുടരുകയും സംഘടനയുടെ വികസന പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുമെന്ന് സിജിൽ പാലയ്ക്കലോടി അറിയിച്ചു.

സംഘടനാ മികവും സാമ്പത്തിക സുതാര്യതയും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് കൈകോർക്കുമ്പോൾ ഒരു പ്രവാസി സംഘടനയ്ക്ക് എത്രത്തോളം ജനകീയമാകാൻ കഴിയുമെന്ന് തെളിയിച്ച ഭരണനിരയിലെ പ്രധാന സാന്നിധ്യമായാണ് സിജിൽ പാലയ്ക്കലോടിയുടെ രണ്ട് വർഷത്തെ പ്രവർത്തനകാലം ഫോമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നതെന്ന് സംഘടനാ പ്രവർത്തകരും സാമൂഹിക നിരീക്ഷകരും വിലയിരുത്തുന്നു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷക്കാലം ട്രഷറർ എന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം നൽകിയ ഫോമായുടെ പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാ ഭാരവാഹികൾക്കും, അംഗ അസോസിയേഷനുകളുടെ നേതൃത്വത്തിനും പ്രതിനിധികൾക്കും, ഫോമായുടെ എല്ലാ അംഗങ്ങൾക്കും, വിവിധ പദ്ധതികൾക്ക് പിന്തുണയും സഹകരണവും നൽകിയ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സിജിൽ പാലയ്ക്കലോടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. സംഘടനയുടെ ഓരോ നേട്ടവും വ്യക്തിപരമായ വിജയമല്ല, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും, ഈ കാലയളവിൽ ലഭിച്ച വിശ്വാസവും പിന്തുണയും എന്നും വിലമതിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും ഫോമായുടെ വളർച്ചയ്ക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ പിന്തുണയും നൽകി സംഘടനയോടൊപ്പം സജീവമായി പ്രവർത്തിക്കുമെന്നും സിജിൽ പാലയ്ക്കലോടി അറിയിച്ചു.