‘പാകിസ്ഥാനി കശ്മീർ എന്നൊന്നില്ല’; ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യൻ എംബസി

വാഷിങ്ടൺ: പാകിസ്ഥാൻ അധീന കശ്മീരിനെ (PoK) ‘പാകിസ്ഥാനി കശ്മീർ’ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസ് വാർത്തയുടെ തലക്കെട്ടിനെതിരെ യുഎസിലെ ഇന്ത്യൻ എംബസി രംഗത്ത്. തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ എംബസി, “പാകിസ്ഥാനി കശ്മീർ എന്നൊന്നില്ല, പാകിസ്ഥാൻ അധീന കശ്മീർ മാത്രമേയുള്ളൂ” എന്ന് വ്യക്തമാക്കി.

എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇന്ത്യൻ എംബസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. “ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും വേർപിരിയാനാകാത്തതുമായ ഭാഗമാണ്. ഈ പ്രദേശങ്ങളുടെ ഒരു ഭാഗം പാകിസ്ഥാൻ അനധികൃതമായി അധീനതയിൽ വച്ചിരിക്കുകയാണ്. അധീന പ്രദേശങ്ങളിലെ ജനങ്ങൾക്കെതിരെ അക്രമം തുടരുകയാണ്,” എന്നാണ് എംബസിയുടെ പ്രസ്താവന.

പാകിസ്ഥാൻ അധീന കശ്മീരിലെ മിർപൂരിൽ പ്രാദേശിക തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെക്കുറിച്ചുള്ള വാർത്തയ്ക്ക് ന്യൂയോർക്ക് ടൈംസ് “Clashes Erupt in Pakistani Kashmir as Voting in Local Election Begins” എന്ന തലക്കെട്ടാണ് നൽകിയിരുന്നത്. ഇതാണ് ഇന്ത്യയുടെ എതിർപ്പിന് കാരണമായത്. വാർത്ത പ്രകാരം, സിവിൽ അവകാശ സംഘടനയായ *ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ രണ്ട് പേർ മരിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ഇന്ത്യ വീണ്ടും ആവർത്തിച്ചു. കാർഗിൽ വിജയദിനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാകിസ്ഥാൻ അധീന കശ്മീർ ഒഴികെ ഇസ്ലാമാബാദുമായി മറ്റൊരു വിഷയത്തിലും ചർച്ചയില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷും അടുത്തിടെ, “ജമ്മു-കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ യാഥാർഥ്യം പാകിസ്ഥാൻ മനപ്പൂർവം അവഗണിക്കുകയാണ്” എന്ന് വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യം ധാക്കയിൽ നടന്ന ഒരു വിദേശനയ സെമിനാറിലും ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മു-കശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിനെതിരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പൂജ ഝാ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അധീന കശ്മീർ എന്ന നിലയിലാണ് ആ പ്രദേശത്തെ വിശേഷിപ്പിക്കേണ്ടതെന്നും ഇന്ത്യ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

‘No Pakistani Kashmir’: Why Indian embassy in US fact-checked New York Times’ ‘misleading’ headline

More Stories from this section

family-dental
witywide