ന്യൂയോർക്ക്: രാവിലെ 9 മണിക്ക് പോലും യുഎസിലെ തെരുവുകൾ വിജനമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സാധാരണ ഓഫിസ് സമയമായിട്ടും റോഡുകളിൽ ആളുകളെയോ കാര്യമായ തിരക്കോ കാണാനില്ലെന്ന് കാണിച്ചാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലെ @dil_mange_reels അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
റോഡുകളിലും പരിസരങ്ങളിലും ആളുകൾ കുറവായിരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. വൈകിട്ട് ആറുമണിയിലെയും രാവിലെ ഒമ്പത് മണിയിലെയും കാഴ്ചകൾ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങി യുഎസിലെ പല നഗരങ്ങളിലും ഇതിന് സമാനമായ സാഹചര്യമാണ് കാണുന്നതെന്നും യുവതി അവകാശപ്പെട്ടു. അമേരിക്കയിലേക്ക് പോകുന്നവർ മാനസികമായി തയ്യാറായിരിക്കണമെന്നും അവർ പറഞ്ഞു.
‘അമേരിക്കയിൽ പണം കിട്ടും, വീട് കിട്ടും, ആവശ്യമായ പല സൗകര്യങ്ങളും ലഭിക്കും. പക്ഷേ ആളുകളെ മാത്രം കിട്ടില്ല. പരിചയപ്പെടുന്നവർക്കും അവരുടേതായ സമയവും സൗകര്യവുമുണ്ടാകും. ദൂരെ നിന്ന് നോക്കുമ്പോൾ വിദേശ ജീവിതം വളരെ മനോഹരമായി തോന്നും. എന്നാൽ നേരിട്ട് അനുഭവിക്കുമ്പോഴാണ് യാഥാർഥ്യം മനസിലാകുന്നത്,’ യുവതി പറഞ്ഞു.
വിദേശ ജീവിതത്തിലെ ഏകാന്തതയും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. ‘പണത്തിന് മനുഷ്യബന്ധങ്ങൾക്ക് പകരമാകില്ല’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. വിദേശത്തെ ജീവിതം പുറത്തുനിന്ന് തോന്നുന്നതുപോലെ എല്ലായ്പ്പോഴും ഗ്ലാമറസായിരിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
A video shared by a young Indian woman, pointing out that streets in the US are deserted even at 9 AM, is sparking discussions on social media.














