
വാഷിംഗ്ടൺ DC: സ്ത്രീശാക്തീകരണത്തിനും പ്രവാസി വനിതകളുടെ സ്വയംപര്യാപ്തതയ്ക്കും പുതിയ ദിശാബോധം നൽകി വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്ക റീജിയൻ വനിതാ ഫോറം കർമ്മരംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുന്നു. വനിതകളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തൊഴിൽനൈപുണ്യങ്ങൾ വളർത്തുന്നതിനുമായി വനിതാ ഫോറം സംഘടിപ്പിക്കുന്ന ഓൺലൈൻ തയ്യൽ പരിശീലന ക്ലാസുകൾക്ക് 2026 നവംബർ 8 ഞായറാഴ്ച തുടക്കം കുറിക്കും. വൈകിട്ട് 4 മണിക്ക് (EST) ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയൻ വനിതാ ഫോറം, ‘അതിരുകൾക്കപ്പുറം സൗഹൃദത്തിന്റെ ഇഴകൾ കോർത്തിണക്കാം’ (Tailoring friendship together from across the borders) എന്ന മനോഹരമായ ആശയവുമായാണ് ഈ നൂതന സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും മലയാളി വനിതകൾക്ക് പ്രായഭേദമന്യേ ഒരുമിച്ച് പഠിക്കാനും, ഉള്ളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കാനും, സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള സുവർണ്ണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ (Lesson – 1) ലളിതമായ രീതിയിൽ ബ്ലൗസ് തുന്നാൻ പഠിപ്പിക്കുന്ന ‘ബ്ലൗസ് സ്റ്റിച്ചിങ് മെയ്ഡ് ഈസി’ (Blouse Stitching Made Easy) എന്ന വിഷയത്തിനാണ് പ്രാധാന്യം നൽകുന്നത്. തയ്യൽ കലയിൽ മുൻപരിചയമില്ലാത്തവർക്ക് പോലും പ്രയോജനപ്പെടുന്ന രീതിയിൽ, അടിസ്ഥാന തലം മുതൽ വിദഗ്ദ്ധ തലം വരെ (‘From Zero to Stitching Hero’) ലളിതമായ ശൈലിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ക്ലാസിന് 10 ഡോളറാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ പുതിയ പരിശീലന ബാച്ചുകൾ ആരംഭിക്കും. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനത്തിൽ മുൻഗണന ലഭിക്കുക.
വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസൻ ചാണ്ടിയുടെ അധ്യക്ഷതയിൽ സെക്രട്ടറി ആലീസ് മഞ്ചേരി, ട്രഷറർ ആലീസ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഡോ. ജെയ്സി ബൈജു, ജോയിന്റ് സെക്രട്ടറി ലീലാമ്മ വർഗീസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും മികച്ച നേതൃത്വത്തിലൂടെയുമാണ് ഈ സംരംഭം അണിയിച്ചൊരുക്കുന്നത്. സേവനപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സംരംഭങ്ങൾക്കും ഒപ്പം വനിതകളുടെ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന വനിതാ ഫോറത്തിന്റെ ഈ പുതിയ ചുവടുവയ്പ്പ് ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്.
വനിതാ ഫോറത്തിന്റെ ഈ മാതൃകാപരമായ മുന്നേറ്റത്തിന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജോണി കുന്നപ്പുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവരുടെ പൂർണ്ണ പിന്തുണയുമുണ്ട്.
‘ഒരുമിച്ച് പഠിക്കാം, ഒരുമിച്ച് വളരാം, ഒരുമിച്ച് ഉയരങ്ങളിലെത്താം’ എന്ന ലക്ഷ്യത്തോടെ വനിതാ മുന്നേറ്റത്തിന് പുതിയ അധ്യായം കുറിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി +1 (936) 380-3252 എന്ന നമ്പറിൽ ഫോൺ വഴിയോ വാട്സ്ആപ്പ് മുഖേനയോ wmcamerica95@gmail .com ബന്ധപ്പെടാവുന്നതാണ്.
WMC America Region Women’s Forum takes a new step toward women’s empowerment by launching online tailoring training.









