യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് നേതാവ് പ്രമീള ജയപാൽ വീണ്ടും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണിലെ ഏഴാം കോൺഗ്രസ് മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ നീരവ് ഷേത്തിനെയാണ് പരാജയപ്പെടുത്തിയത്. 2016ലാണ് പ്രമീള ആദ്യമായി യുഎസ് കോൺഗ്രസിലെത്തിയത്. സിയാറ്റിലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമീപ മേഖലകളും ഉൾപ്പെടുന്നതാണ് അവരുടെ മണ്ഡലം.
അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രമീളയ്ക്ക് 1,77,700 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എണ്ണിയ വോട്ടുകളുടെ 87.5 ശതമാനമാണിത്. നിരവ് ഷേത്തിന് 24,654 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 12.1 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. 59 ശതമാനം വോട്ടുകൾ എണ്ണിയപ്പോഴാണ് പ്രമീളയുടെ വിജയം അസോസിയേറ്റഡ് പ്രസ് പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ ജനിച്ച പ്രമീള 16-ാം വയസിൽ ഉപരിപഠനത്തിനായി തനിച്ച് അമേരിക്കയിലെത്തുകയായിരുന്നു. ജോർജ്ടൗൺ സർവകലാശാലയിൽ പഠിച്ച അവർ പിന്നീട് നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽനിന്ന് എംബിഎയും നേടി. യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ വംശജയായ വനിതയാണ് പ്രമീള. 2011 മുതൽ 2014 വരെ യുഎസ് മറൈൻ കോർപ്സിൽ സേവനമനുഷ്ഠിച്ചയാളാണ് നിരവ് ഷേത്ത്. ഇന്ത്യയിലെ ഗുജറാത്ത് ഗവൺമെന്റ് പോളിടെക്നിക്കിൽനിന്ന് 2006ൽ അസോസിയേറ്റ് ബിരുദം നേടിയിട്ടുണ്ട്.
കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് കോൺഗ്രസിൽ പ്രമീളയുടെ പ്രധാന പ്രവർത്തനമേഖല. രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്നവർക്ക് പൗരത്വം നൽകുന്നതിനുള്ള നടപടികൾ വേണമെന്നും കുടിയേറ്റ നിയമങ്ങളിലും തടങ്കൽ നടപടികളിലും പരിഷ്കാരം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന നിലപാടുകളും പ്രമീള സ്വീകരിച്ചിട്ടുണ്ട്. തൊഴിൽ അധിഷ്ഠിത കുടിയേറ്റ വിസകളിലെ രാജ്യാടിസ്ഥാനത്തിലുള്ള പരിധി നീക്കണമെന്നാണ് അവരുടെ ആവശ്യം.
എച്ച്-1ബി വിസാ പദ്ധതിയെ പിന്തുണയ്ക്കുന്ന പ്രമീള, വിസ ഉടമകളുടെ പങ്കാളികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നിയന്ത്രിക്കാനുള്ള നിർദേശങ്ങളെയും എതിർത്തിട്ടുണ്ട്. കുട്ടികളായിരിക്കെ അമേരിക്കയിലെത്തിയ ഡ്രീമേഴ്സിനും താൽക്കാലിക സംരക്ഷിത പദവിയുള്ളവർക്കും സ്ഥിരമായ നിയമപരിരക്ഷയും പൗരത്വത്തിനുള്ള അവസരവും ഉറപ്പാക്കുന്ന നിയമനിർമാണങ്ങളെയും അവർ പിന്തുണയ്ക്കുന്നു. കുടിയേറ്റക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന രീതികളിൽ മാറ്റം വരുത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ‘ഡിഗ്നിറ്റി ഫോർ ഡിറ്റെയ്ൻഡ് ഇമിഗ്രന്റ്സ് ആക്ട്’ എന്ന ബില്ലും പ്രമീള അവതരിപ്പിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് ആഗോള ആരോഗ്യ, വികസന മേഖലകളിൽ പ്രവർത്തിച്ചിരുന്ന പ്രമീള 2001ൽ വാഷിങ്ടണിൽ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി വൺഅമേരിക്ക എന്ന സംഘടന സ്ഥാപിച്ചു. 12 വർഷത്തോളം സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നു. 2014ൽ വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയെന്ന നേട്ടവും ഇതോടെ സ്വന്തമാക്കി. ആരോഗ്യസംരക്ഷണം, തൊഴിലാളികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ഭവനനിർമാണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലും പ്രമീള സജീവമായി ഇടപെടുന്നുണ്ട്.
എല്ലാവർക്കും മെഡികെയർ ലഭ്യമാക്കുന്നതിനുള്ള നിയമനിർമാണത്തിന്റെ പ്രധാന പിന്തുണക്കാരിയാണ് അവർ. ഉന്നത വിദ്യാഭ്യാസം കൂടുതൽ പേർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘കോളേജ് ഫോർ ഓൾ ആക്ടും’ അവതരിപ്പിച്ചിട്ടുണ്ട്. കോൺഗ്രഷണൽ പ്രോഗ്രസീവ് കോക്കസിന്റെ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുള്ള പ്രമീള നിലവിൽ അധ്യക്ഷ എമിരിറ്റയാണ്. ജനപ്രതിനിധി സഭയിലെ ജുഡീഷ്യറി, വിദേശകാര്യ, ബജറ്റ് സമിതികളിലും അംഗമാണ്.
Pramila Jayapal wins Indian-vs-Indian House race, beats Nirav Sheth by 75 percentage points











