
മെൽബൺ: ഓസ്ട്രേലിയൻ പ്രാദേശിക ഭരണകൂടത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ വംശജൻ. ഹിമാചൽ പ്രദേശ് മണ്ഡി സ്വദേശിയായ അഭിഷേക് അവസ്തി (43) വിക്ടോറിയ സംസ്ഥാനത്തെ ഗ്രേറ്റർ ബെൻഡിഗോ നഗരസഭയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അദ്ദേഹം. കഴിഞ്ഞദിവസം നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആൻഡ്രിയ മെറ്റ്കാഫ് ആണ് പുതിയ ഡെപ്യൂട്ടി മേയർ.
തുടർച്ചയായ കഠിനാധ്വാനത്തിലൂടെയാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ഹിമാചലിലെ ‘ഛോട്ടി കാശി’യിൽ നിന്ന് 2008-ലാണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും, തുടർന്ന് ബയോ ഇൻഫോർമാറ്റിക്സിൽ ബിരുദവും നേടി. പഠനകാലത്ത് പാർട്ട് ടൈം ജോലികൾ ചെയ്താണ് അദ്ദേഹം ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത്. 2015-ൽ ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു.
2024-ൽ കെന്നിംഗ്ടൺ വാർഡിൽ നിന്ന് കൗൺസിലറായി വിജയിച്ചുകൊണ്ടാണ് അഭിഷേക് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് 2024-25 കാലയളവിൽ നഗരത്തിലെ ആദ്യ ഇന്ത്യൻ വംശജനായ ഡെപ്യൂട്ടി മേയറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കൗൺസിലിലെത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെ അദ്ദേഹം മേയർ സ്ഥാനത്തേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയൻ നിയമപ്രകാരം കൗൺസിലർമാരുടെ കാലാവധി നാല് വർഷമാണെങ്കിലും മേയർ, ഡെപ്യൂട്ടി മേയർ പദവികളുടെ കാലാവധി ഒരു വർഷമാണ് (2026-27).
തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സഹ കൗൺസിലർമാർക്കും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അഭിഷേക് അവസ്തി നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡിൽ (BBMB) നിന്ന് വിരമിച്ച സുരേന്ദ്ര പാൽ ആണ് പിതാവ്. അമ്മ ചമ്പ ശർമ്മ. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളും ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയിരുന്നു. അനിമയാണ് ഭാര്യ. മകൾ: അഗ്നി.
First person of Indian origin to head an Australian municipal council; Abhishek Awasthi, a native of Himachal, becomes Mayor of Greater Bendigo.













