ഇന്ത്യയിലെ അറസ്റ്റിന് പിന്നിൽ റഷ്യൻ ഗൂഢാലോചനയെന്ന് യുഎസ് പൗരൻ മാത്യു വാൻഡൈക്; ഞെട്ടിക്കുന്ന വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് ഡ്രോൺ യുദ്ധ പരിശീലനം നൽകിയെന്ന കേസിൽ ഇന്ത്യയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ അമേരിക്കൻ പൌരൻ മാത്യു വാൻഡൈക് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്റെയും ആറ് യുക്രെയ്ൻ പൗരന്മാരുടെയും അറസ്റ്റിന് പിന്നിൽ റഷ്യൻ ഗൂഢാലോചനയുണ്ടെന്നാണ് വാൻഡൈക്കിന്റെ വാദം. യുക്രെയ്നെതിരെയുള്ള റഷ്യൻ യുദ്ധത്തിന്റെ ഭാഗമായാണ് തങ്ങൾ ഇന്ത്യയിൽ ആറ് മാസത്തിലേറെ ജയിലിൽ കിടക്കേണ്ടി വന്നതെന്നും, ഇതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടുമെന്നും ഇയാൾ എക്സിലൂടെ വ്യക്തമാക്കി.

കോടതി അനുമതിയോടെ യുഎസിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വാൻഡൈക്കിന്റെ പ്രതികരണം. മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് ആയുധങ്ങളും ഡ്രോൺ യുദ്ധമുറകളും പരിശീലിപ്പിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ മാർച്ച് 13-നാണ് മാത്യു വാൻഡൈക്കിനെയും മറ്റ് ആറ് യുക്രെയ്ൻ പൗരന്മാരെയും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. അനുമതിയില്ലാതെ മിസോറാം അതിർത്തി വഴി ഇവർ മ്യാൻമറിലേക്ക് കടന്നതായും മ്യാൻമറിൽ സിവിലിയൻ വിമാനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.

കേസിൽ നിശ്ചിത സമയത്തിനകം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള (യുഎപിഎ) കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസിക്ക് സാധിക്കാതെ വന്നതോടെയാണ് സെപ്റ്റംബർ 18-ന് റൂസ് അവന്യൂ കോടതി വാൻഡൈക്കിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. തീഹാർ ജയിലിൽ നിന്ന് മോചിതനായ ഇയാൾക്കും യുക്രെയ്ൻ സ്വദേശികൾക്കും കുടുംബത്തെ കാണാനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ഒക്ടോബർ 23-ന് കോടതി താത്കാലിക അനുമതി നൽകി.

അതേസമയം, യുഎസ് സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വാൻഡൈക് തള്ളി. ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയിട്ടില്ലെന്നും അത്തരം കുറ്റങ്ങളൊന്നും തന്റെ മേൽ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി നടപടികൾക്കായി താൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും വാൻഡൈക് കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ മാധ്യമ അഭിമുഖങ്ങളിലൂടെ കേസിന് പിന്നിലെ അണിയറക്കഥകൾ വെളിപ്പെടുത്തുമെന്നാണ് ഇയാളുടെ പ്രഖ്യാപനം.

US citizen Matthew VanDyke claims a Russian conspiracy lies behind his arrest in India; reveals that shocking details will be released soon.

More Stories from this section

family-dental
witywide