
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രമുഖ യുഎസ് ടെലിവിഷൻ നെറ്റ്‌വർക്കായ ‘എംഎസ് നൗ’ പ്രതിനിധിയോട് സംസാരിക്കവെയാണ് ട്രംപ് വീണ്ടും മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. ഇതോടെ ട്രംപും യുഎസ് മാധ്യമങ്ങളും തമ്മിലുള്ള ശീതയുദ്ധം വീണ്ടും പരസ്യമായിരിക്കുകയാണ്.
സമാധാന ചർച്ചകൾക്കായുള്ള അമേരിക്കയുടെ ആവശ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്തുകൊണ്ടാണ് ആവർത്തിച്ച് അവഗണിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ഇതിൽ പ്രകോപിതനായ ട്രംപ്, “ഈ യുദ്ധത്തിൽ പുടിൻ നമ്മളോടാണോ പോരാടുന്നത്? നിങ്ങൾ ഏത് മാധ്യമത്തിൽ നിന്നാണ്?” എന്ന് തിരിച്ചു ചോദിച്ചു. ‘എംഎസ് നൗ’ എന്ന് റിപ്പോർട്ടർ വ്യക്തമാക്കിയതോടെ ട്രംപ് ഈ നെറ്റ്‌വർക്കിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു.
“നിങ്ങളൊരു വ്യാജ നെറ്റ്‌വർക്കാണ്! നിങ്ങൾ എന്ത് വലിയൊരു തമാശയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കൂടാതെ, യാതൊരു തെളിവുമില്ലാതെ ഈ ചാനലിന് ചരിത്രത്തിലെ ഏറ്റവും മോശം ടെലിവിഷൻ റേറ്റിംഗാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. അഞ്ച് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അബുദാബിയിൽ റഷ്യ, യുക്രെയ്ൻ, യുഎസ് എന്നിവർ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. മുൻപ് ‘എംഎസ്എൻബിസി’ എന്നറിയപ്പെട്ടിരുന്ന ചാനൽ, പ്രേക്ഷകരുടെ കുറവും വിശ്വാസ്യതയില്ലായ്മയും കാരണമാണ് ‘എംഎസ് നൗ’ എന്ന് പേര് മാറ്റിയതെന്നും ട്രംപ് ആരോപിച്ചു.
Q: Putin has repeatedly ignored your demands—Trump: Has he been fighting us in the war? Who are you with?Q: MSNowTrump: You’re a fake network!! What a joke you are. https://t.co/4lC08aRxSV
— Acyn (@Acyn) November 9, 2026
തങ്ങൾക്കെതിരെ നിരന്തരം ‘വ്യാജ വാർത്തകൾ’ നൽകുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽ നിന്ന് ട്രംപ് വിലക്കേർപ്പെടുത്തിയ മൂന്ന് പ്രധാന മാധ്യമങ്ങളിൽ ഒന്നാണ് എംഎസ് നൗ. സിഎൻഎൻ, പൊളിറ്റിക്കോ എന്നിവയായിരുന്നു വിലക്ക് നേരിട്ട മറ്റ് മാധ്യമങ്ങൾ.
അതേസമയം, മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതി രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ പ്രവേശനം ഉടനടി പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം വൈറ്റ് ഹൗസ് ഈ മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയിരുന്നു.
Question about Putin sparks anger; Trump lashes out at journalist, labels ‘MS Now’ a “fake network.”













