
വാഷിംഗ്ടൺ: ഷട്ട്ഡൌണിൻ്റെ ഭാഗമായി അമേരിക്കയിൽ സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചിരിക്കെ, അവധിയിലായിരുന്ന ആയിരക്കണക്കിന് ജീവനക്കാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ഉത്തരവിട്ടു.
ഏപ്രിൽ 10-ന് പുറത്തിറക്കിയ ആഭ്യന്തര നിർദ്ദേശ പ്രകാരം ഫെമ , സൈബർ സെക്യൂരിറ്റി ഏജൻസി തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരോടാണ് തിരിച്ചെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണയായി ഷട്ട്ഡൗൺ സമയത്ത് അത്യാവശ്യ വിഭാഗങ്ങൾ മാത്രമാണ് ജോലി ചെയ്യാറുള്ളത്. എന്നാൽ പുതിയ ഉത്തരവനുസരിച്ച് എല്ലാ ജീവനക്കാരും സാധാരണ നിലയിൽ ജോലിക്ക് ഹാജരാകണം. നിലവിൽ ലഭ്യമായ പരിമിതമായ ഫണ്ട് ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് അധികൃതർ അറിയിച്ചു. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്ന 35,000-ത്തോളം ജീവനക്കാർക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുടിശ്ശിക ലഭിച്ചുതുടങ്ങി.
ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഇമെയിൽ വഴി അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റ് സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദേശീയ സുരക്ഷയും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കം.
കോൺഗ്രസിൽ ആഭ്യന്തര സുരക്ഷാ ഫണ്ട് സംബന്ധിച്ച തർക്കം തുടരുന്നതിനിടയിലാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫണ്ട് തീരുന്ന പക്ഷം ജീവനക്കാരുടെ തൊഴിൽ നിലയിൽ മാറ്റം വരുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
Action will be taken if you don’t show up for work; Trump administration uncompromising despite funding crisis














