ട്രംപിന്റെ തീരുവകൾ റദ്ദാക്കി സുപ്രീം കോടതി; ഇതുവരെ 81 ബില്യൺ ഡോളർ തിരിച്ചുനൽകി അമേരിക്ക

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവകളിൽ സുപ്രധാന ഭാഗം അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, ഇതുവരെ 81 ബില്യൺ ഡോളർ തീരുവയായി ഈടാക്കിയ തുക അമേരിക്കൻ സർക്കാർ കമ്പനികൾക്ക് തിരിച്ചുനൽകിയതായി ട്രഷറി വകുപ്പിന്റെ കണക്കുകൾ. ട്രംപിന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നിനേറ്റ വലിയ തിരിച്ചടിയായാണ് കോടതി വിധിയെ വിലയിരുത്തുന്നത്.

തിങ്കളാഴ്ച പുറത്തുവിട്ട ട്രഷറിയുടെ ബജറ്റ് കണക്കുകൾ പ്രകാരം, 2025 ഒക്ടോബറിൽ ആരംഭിച്ച നിലവിലെ സാമ്പത്തിക വർഷത്തിൽ ഇതുവരെ 81 ബില്യൺ ഡോളറിന്റെ തീരുവയാണ് സർക്കാർ തിരിച്ചുനൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് വെറും 5 ബില്യൺ ഡോളർ മാത്രമായിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തിരിച്ചുനൽകൽ കുത്തനെ വർധിച്ചതെന്നും മേയ്, ജൂൺ മാസങ്ങളിലായിരുന്നു കൂടുതലായും പണം മടക്കി നൽകിയതെന്നും ട്രഷറി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ ശേഷം ട്രംപിന്റെ സാമ്പത്തിക നയത്തിലെ പ്രധാന ഘടകമായിരുന്നു ഇറക്കുമതി തീരുവ വർധന. ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുക, മികച്ച വ്യാപാര കരാറുകൾ ഉറപ്പാക്കുക, ഫെഡറൽ ബജറ്റ് കമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു അധിക തീരുവകൾ ഏർപ്പെടുത്തിയതെന്ന് ഭരണകൂടം വിശദീകരിച്ചിരുന്നു. എന്നാൽ, അധിക തീരുവകളിൽ വലിയൊരു വിഭാഗം നിയമവിരുദ്ധമായാണ് ചുമത്തിയതെന്ന് ഫെബ്രുവരിയിൽ സുപ്രീം കോടതി വിധിച്ചു. ഇതോടെ തീരുവ അടച്ച കമ്പനികൾക്ക് തുക തിരിച്ചുനൽകാൻ സർക്കാരിന് നിർദേശം നൽകുകയായിരുന്നു.

ഇതിനിടെ, അമേരിക്കൻ കോടതി ഓഫ് ഇന്റർനാഷണൽ ട്രേഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 10 ശതമാനം പൊതുതീരുവയും നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. 1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള നിയമപരമായ അധികാരം സർക്കാർ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് 2–1 ഭൂരിപക്ഷ വിധിയിൽ കോടതി വ്യക്തമാക്കിയത്. അതേസമയം, തീരുവയിനത്തിൽ വരുമാനം ലഭിച്ചിട്ടും അമേരിക്കയുടെ ഫെഡറൽ ബജറ്റ് കമ്മി വീണ്ടും ഉയരുന്നതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഫെഡറൽ കമ്മി 1.367 ട്രില്യൺ ഡോളറിലെത്തി, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 2 ശതമാനം കൂടുതലാണ്. ദേശീയ കടത്തിന്റെ പലിശച്ചെലവ് 1 ട്രില്യൺ ഡോളർ കടന്ന് 14 ശതമാനം വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയർന്നതിനെ തുടർന്ന് പ്രതിരോധ ചെലവും 5 ശതമാനം വർധിച്ചതായും ബജറ്റ് രേഖകൾ സൂചിപ്പിക്കുന്നു. അതേസമയം, ജൂലൈ 24-ന് നിലവിലെ താൽക്കാലിക 10 ശതമാനം ആഗോള തീരുവ അവസാനിക്കുന്നതോടെ പുതിയ തീരുവകൾ പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്നും അമിത വ്യാവസായിക ഉൽപാദന ശേഷിയുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരിടുന്ന രാജ്യങ്ങളെയാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്. ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ, തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ തീരുവ 10 മുതൽ 12.5 ശതമാനം വരെ ആയിരിക്കുമെന്നാണ് സൂചന.

Trump tariffs struck down by US Supreme Court: How much has been refunded so far

More Stories from this section

family-dental
witywide