അപൂർവ കടലാമയുടെ പുറംതോട് ഫേസ്ബുക്കിൽ വിൽക്കാൻ ശ്രമം; ഫ്ലോറിഡ സ്വദേശിക്കെതിരെ വന്യജീവി കുറ്റം

ഫ്ലോറിഡ: ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ അപൂർവ കടലാമയുടെ പുറംതോട് 2,700 ഡോളറിന് വിൽക്കാൻ ശ്രമിച്ച ഫ്ലോറിഡ സ്വദേശിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ്. അലങ്കാര വസ്തുവായി സൂക്ഷിച്ചിരുന്ന വസ്തു വിൽക്കാനുള്ള ശ്രമമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ജൂൺ 30-ന് ബോയ്ന്ടൺ ബീച്ച് പൊലീസ് ഉദ്യോഗസ്ഥൻ ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിലെ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷനെ (FWC) അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

“അപൂർവ കടലാമയുടെ പുറംതോട്” എന്ന പേരിൽ നൽകിയ പരസ്യത്തിൽ വസ്തു മികച്ച അവസ്ഥയിലാണെന്നും 2,700 ഡോളറിന് വിൽക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. പരസ്യത്തിലെ ചിത്രങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഇത് അറ്റ്ലാന്റിക് ഹോക്സ്ബിൽ കടലാമയുടെ പുറംതോട് ആണെന്ന് തിരിച്ചറിഞ്ഞു. ഫ്ലോറിഡയിലെ മറൈൻ ടർട്ടിൽ പ്രൊട്ടക്ഷൻ ആക്ട്, അമേരിക്കൻ എൻഡേഞ്ചേഡ് സ്പീഷീസ് ആക്ട് എന്നിവ പ്രകാരം ഹോക്സ്ബിൽ കടലാമകൾ സംരക്ഷിത ജീവികളാണ്. ഫ്ലോറിഡ തീരങ്ങളിൽ സ്ഥിരമായി കാണപ്പെടുന്ന കടലാമ ഇനങ്ങളിൽ ഏറ്റവും അപൂർവമായ ഒന്നാണിതെന്ന് വന്യജീവി അധികൃതർ അറിയിച്ചു.

മുൻകാലങ്ങളിൽ ഹോക്സ്ബിൽ കടലാമയുടെ മനോഹരമായ പാറ്റേണുകളുള്ള പുറംതോട് ആഭരണങ്ങൾ, ചീപ്പുകൾ, അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതുമൂലം ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് അമേരിക്കയിൽ ഈ വ്യാപാരം നിരോധിക്കുകയായിരുന്നു. അന്വേഷണത്തിൽ പരസ്യം നൽകിയയാളെ ലേക്ക് വർത്ത് ബീച്ചിലെ വീട്ടിൽ കണ്ടെത്തി. ജൂലൈ 1-ന് 63 വയസ്സുകാരനായ അഡിസൺ മുള്ളനുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പുറംതോട് തന്റെ കൈവശമുണ്ടെന്ന് മുള്ളൻ സമ്മതിച്ചെങ്കിലും തിരച്ചിൽ വാറന്റില്ലാതെ അത് കൈമാറാൻ തയ്യാറായില്ല.

പുറംതോടിന് ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഇയാൾ അവകാശപ്പെട്ടെങ്കിലും രേഖകൾ കാണിക്കാൻ വിസമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 6-ന് തിരച്ചിൽ വാറന്റുമായി എത്തിയ ഉദ്യോഗസ്ഥർ വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന പുറംതോട് കണ്ടെത്തി പിടിച്ചെടുത്തു. നിയമപരമായി സ്വന്തമാക്കിയതാണെന്ന് തെളിയിക്കുന്ന രേഖകൾ ഇയാൾക്ക് ഹാജരാക്കാനായില്ല. തുടർന്ന് പുറംതോട് FWC ഫീൽഡ് ലാബിൽ പരിശോധിച്ചപ്പോൾ ഇത് അറ്റ്ലാന്റിക് ഹോക്സ്ബിൽ കടലാമയുടേതാണെന്ന് ജീവശാസ്ത്ര വിദഗ്ധർ സ്ഥിരീകരിച്ചു.

സംരക്ഷിത സമുദ്രജീവിയുടെ ഭാഗം വിൽക്കാൻ ശ്രമിച്ചതിന് മുള്ളനെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും വീട്ടിൽ നിന്ന് മറ്റ് കടലാമയുടെ പുറംതോടുകളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹോക്സ്ബിൽ കടലാമകൾക്ക് വംശനാശ ഭീഷണി

ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഹോക്സ്ബിൽ കടലാമകൾക്ക് പരുന്തിന്റെ കൊക്കിനോട് സാമ്യമുള്ള വായയുടെ ആകൃതിയാണുള്ളത്. സമുദ്രത്തിലെ വിള്ളലുകളിൽ നിന്ന് ഭക്ഷണം കണ്ടെത്താൻ ഇവയുടെ പ്രത്യേക വായ സഹായിക്കുന്നു. മത്സ്യബന്ധന വലകളിൽ അബദ്ധത്തിൽ കുടുങ്ങുന്നത്, മുട്ടയ്ക്കും മാംസത്തിനും പുറംതോടിനുമായി നടക്കുന്ന അനധികൃത വേട്ട, തീരദേശ വികസനം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആവാസവ്യവസ്ഥ നഷ്ടപ്പെടൽ എന്നിവയാണ് ഇവ നേരിടുന്ന പ്രധാന ഭീഷണികൾ. നിരവധി സംരക്ഷണ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഹോക്സ്ബിൽ കടലാമകളുടെ അനധികൃത വ്യാപാരം ഇപ്പോഴും തുടരുന്നതായാണ് വന്യജീവി വിദഗ്ധർ വ്യക്തമാക്കുന്നത്.

Florida man tries to sell ‘rare hawksbill turtle shell’ on Facebook at $2,700, ends up being charged with wildlife felony

More Stories from this section

family-dental
witywide