അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ഡെമോക്രാറ്റുകൾ വിജയിച്ചതോടെ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഭാവി സംബന്ധിച്ച് വാഷിങ്ടണിന്റെ അടുത്ത നീക്കങ്ങൾ ഉറ്റുനോക്കുകയാണ് ഇന്ത്യ. പ്രവചനങ്ങൾക്കനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഫലമെങ്കിലും ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾക്ക് വിജയം ലഭിക്കുമെന്ന കണക്കുകൂട്ടലുകളേക്കാൾ വലിയ മുന്നേറ്റമാണ് അവർ നടത്തിയത്.
അടുത്തകാലത്തായി തീരുവ നയം, പാക്കിസ്ഥാനോടുള്ള സമീപനം, ട്രംപിന്റെ മാഗ (MAGA) നയങ്ങൾ എന്നിവയിൽ വൈറ്റ് ഹൗഡിന്റെ നിലപാട് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇനി ഏത് ദിശയിലേക്ക് നീങ്ങുമെന്നതിലാണ് ശ്രദ്ധ.
പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് പിന്തുണ നൽകിയ ട്രംപ്, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയുള്ള വെടിനിർത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയും ഇന്ത്യയെ ‘തകർന്ന സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ആദ്യം ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇന്ത്യയുടെ വളർച്ചയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ വൻ തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യയിൽനിന്ന് ഡീസൽ വാങ്ങാൻ അമേരിക്ക തന്നെ കരാറിലേർപ്പെട്ടു. എച്ച്-1ബി വിസകൾക്കും ഇന്ത്യൻ വിദ്യാർഥികളുടെ വിസകൾക്കും മേൽ തുടർച്ചയായി സമ്മർദം ചെലുത്തിയതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമായി.
ഇന്ത്യ-പാക് വെടിനിർത്തലിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ അസ്വാരസ്യങ്ങളിലൊന്ന്. 2025 മേയ് 10ന് ഇന്ത്യൻ സമയം വൈകിട്ട് 5.30ന് തൊട്ടുപിന്നാലെ ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള വെടിനിർത്തലിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. യുദ്ധം ആണവസംഘർഷത്തിലേക്ക് നീങ്ങുന്നത് താൻ തടഞ്ഞുവെന്നും പിന്നീട് അവകാശപ്പെട്ടു. വെടിനിർത്തലിന് ട്രംപിനെ പ്രശംസിച്ച പാക്കിസ്ഥാൻ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സൈനിക നീക്കത്തിനിടെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.
കൂടാതെ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയെ പരോക്ഷമായി ഉത്തരവാദിയാക്കുന്ന സമീപനവും അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാൽ സ്വന്തം പൗരന്മാരുടെ താൽപര്യങ്ങൾക്കായിരിക്കും എപ്പോഴും മുൻഗണന നൽകുകയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു. യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങൾ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിക്കാനും ന്യൂഡൽഹിക്ക് താൽപര്യമില്ല. ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തോടെ അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം മാറുന്ന പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശരിയായ ദിശയിലാക്കാനുള്ള ഉത്തരവാദിത്തം ഇനി യുഎസിനാണ്.
After Trump’s midterm setback, eyes on Washington over India-US ties















