
വാഷിംഗ്ടൺ: ഇസ്രയേലിന് അമേരിക്ക നൽകിവരുന്ന വൻ തുകയുടെ സൈനിക സഹായം ഈ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രതിവർഷം നൽകുന്ന 4 ബില്യൺ ഡോളറിന്റെ (ഏകദേശം 33,600 കോടി രൂപ) സൌജന്യ സൈനിക സഹായമാണ് ഈ ഡിസംബറോടെ നിർത്തലാക്കുന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ദിവസം ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മാസങ്ങൾക്ക് മുൻപ് തന്നെ സംസാരിച്ച് ഇരുവർക്കും സമ്മതമായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ഇപ്പോൾ സാമ്പത്തികമായി ഏറെ വളർച്ച കൈവരിച്ച രാജ്യമാണെന്നും, അവർക്ക് ഇനി അമേരിക്കയുടെ സൌജന്യ സഹായത്തിന്റെ ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. കൂടാതെ, ഇസ്രയേലിന് നൽകുന്ന ഈ വൻ തുക രാഷ്ട്രീയ എതിരാളികൾ തങ്ങൾക്കെതിരെ ആയുധമാക്കുന്നു എന്ന രാഷ്ട്രീയ കാരണവും ട്രംപ് ചൂണ്ടിക്കാണിച്ചു.
സൌജന്യമായി പണം നൽകുന്നത് നിർത്തലാക്കുമെങ്കിലും, ഇസ്രയേലിന് ആവശ്യമായ ആയുധങ്ങൾ അമേരിക്കയിൽ നിന്ന് വിലകൊടുത്തു വാങ്ങാനുള്ള സൗകര്യം തുടർന്നും ഉണ്ടായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് ഒപ്പമുണ്ടാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ഒപ്പുവെച്ച 10 വർഷത്തെ കരാർ പ്രകാരം 2028 സെപ്റ്റംബർ വരെ ഇസ്രയേലിന് ഈ സൈനിക സഹായം നൽകാൻ അമേരിക്കയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കരാർ കാലാവധി തീരുന്നതിന് രണ്ട് വർഷം മുൻപ് സഹായം നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് യുഎസ് കോൺഗ്രസിന്റെ (പാർലമെന്റ്) അനുമതി ആവശ്യമായി വരും. ട്രംപിന്റെ ഈ പെട്ടെന്നുള്ള പ്രഖ്യാപനം ആഗോള തലത്തിലും ഇസ്രയേലിലെ സൈനിക വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Military aid to Israel will end this year: Donald Trump















