
വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് (യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജർക്ക് മികച്ച മുന്നേറ്റം. ഫ്ലോറിഡയിലെ 22-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ പിയ ദാണ്ഡിയ ഉജ്ജ്വല വിജയം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കേസി അസ്കറിനെയാണ് അവർ പരാജയപ്പെടുത്തിയത്. ദക്ഷിണ ഫ്ലോറിഡയിൽ ഏറെ ഉറ്റുനോക്കപ്പെട്ട മത്സരങ്ങളിലൊന്നായിരുന്നു ഇത്.
ഈ വിജയത്തോടെ ഫ്ലോറിഡയിൽ നിന്ന് യു.എസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വ്യക്തിയെന്ന ചരിത്രനേട്ടം പിയ സ്വന്തമാക്കി. യു.എസ് കോൺഗ്രസിലെത്തുന്ന പത്താമത്തെ ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധി കൂടിയാണ് ഇവർ.
ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായി പാം ബീച്ച് കൗണ്ടിയിലാണ് പിയ ജനിച്ചതും വളർന്നതും. ഹാർലെമിൽ അധ്യാപികയായും ഹൈസ്കൂൾ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള ഇവർ മുൻ വൈറ്റ് ഹൗസ് ഫെലോ കൂടിയാണ്. ആപ്പിൾ കമ്പനിയിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, കുറഞ്ഞ ജീവിതച്ചെലവ്, സാമ്പത്തിക അവസരങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു പിയയുടെ പ്രചാരണം. ഗവർണർ റോൺ ഡിസാന്റിസിന്റെ നേതൃത്വത്തിൽ 2026 മേയിൽ അതിർത്തി പുനർനിർണയം നടത്തിയ ഫ്ലോറിഡയിലെ 22-ാമത് മണ്ഡലത്തെയാണ് ഇനി ഇവർ പ്രതിനിധീകരിക്കുക.
വിർജീനിയയിലെ പത്താമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റ് സ്ഥാനാർത്ഥി സുഹാസ് സുബ്രഹ്മണ്യം രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡേവ് ബെക്‌വിത്ത്, സ്വതന്ത്രൻ അഹ്‌സെൻ മാലിക് എന്നിവരെയാണ് സുഹാസ് പരാജയപ്പെടുത്തിയത്. മേരിലാൻഡിന്റെ ഗവർണറായി ഡെമോക്രാറ്റ് പ്രതിനിധി അരുണ മില്ലറും വീണ്ടും വിജയം ഉറപ്പിച്ചു. ഗവർണർ വെസ് മൂറിനൊപ്പമാണ് അരുണ മത്സരിച്ചത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാല് വർഷത്തെ ഭരണകാലാവധിയുടെ പകുതിയിലാണ് ഈ നിർണായക തിരഞ്ഞെടുപ്പ് നടക്കുന്നത്. യു.എസ് ജനപ്രതിനിധി സഭയിലെ മുഴുവൻ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെ തിരഞ്ഞെടുക്കാനും വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി.
ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തുമോ അതോ ഡെമോക്രാറ്റുകൾ ഭരണം പിടിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ട്രംപ് സർക്കാരിന്റെ വരുംവർഷങ്ങളിലെ നിയമനിർമ്മാണ അജണ്ടകൾ.
Indian-origin Piya Dandiya breaches a Republican stronghold, making history in Florida as she heads to the US House of Representatives.















