അമേരിക്കയുടെ ഹൃദയം കവർന്ന ‘മാഗ സുന്ദരി’ വെറുമൊരു മായക്കാഴ്ച; എഐ ബുദ്ധിക്ക് പിന്നിൽ ഇന്ത്യൻ വിദ്യാർഥി! ലക്ഷങ്ങൾ അക്കൗണ്ടിലാക്കി

അമേരിക്കൻ രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ തരംഗം സൃഷ്ടിച്ച ‘എമിലി ഹാർട്ട്’ എന്ന ട്രംപ് അനുകൂല ഇൻഫ്ലുവൻസർ യഥാർത്ഥ വ്യക്തിയല്ലെന്ന് കണ്ടെത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഈ സുന്ദരിയുടെ പ്രൊഫൈലിന് പിന്നിൽ പ്രവർത്തിച്ചത് ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) ആശയങ്ങൾ പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് അമേരിക്കക്കാരെയാണ് ഈ വ്യാജ പ്രൊഫൈൽ വിശ്വസിപ്പിച്ചത്.

ഹോളിവുഡ് താരം ജെന്നിഫർ ലോറൻസിനോട് സാമ്യമുള്ള എമിലി ഹാർട്ട് എന്ന നഴ്‌സിന്റെ പേരിൽ ആയിരുന്നു ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ബിക്കിനി വേഷത്തിൽ തോക്ക് പിടിച്ചും തീവ്ര ട്രംപ് അനുകൂല നിലപാടുകൾ പങ്കുവെച്ചും ഇവർ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കി. ക്രിസ്തുമതം, തോക്ക് ലൈസൻസ്, ഗർഭഛിദ്ര വിരുദ്ധത, കുടിയേറ്റ വിരുദ്ധത തുടങ്ങിയ അമേരിക്കൻ കൺസർവേറ്റീവ് വിഷയങ്ങളിലൂന്നിയായിരുന്നു ഇവരുടെ ഓരോ പോസ്റ്റുകളും.

അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതിനേക്കാൾ ഉപരിയായി, സാമ്പത്തിക ലാഭമായിരുന്നു ഈ പ്രൊഫൈലിന് പിന്നിലെ ലക്ഷ്യം. ഇന്ത്യയിൽ ഒരു ഓർത്തോപീഡിക് സർജനായി പരിശീലനം നേടുന്ന ഇരുപത്തിരണ്ടുകാരനായ യുവാവാണ് ഈ എഐ തട്ടിപ്പിന് പിന്നിലെന്ന് മാധ്യമ അന്വേഷണത്തിൽ വ്യക്തമായി. ഓരോ മാസവും ആയിരക്കണക്കിന് ഡോളറാണ് ഇയാൾ ഈ പ്രൊഫൈലിലൂടെ സമ്പാദിച്ചിരുന്നത്. ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ജോലിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വേഗത്തിൽ പണം സമ്പാദിക്കാനുള്ള എളുപ്പവഴിയായാണ് ഇയാൾ ഇതിനെ കണ്ടത്.

ചിത്രങ്ങളിലെ ചെറിയ പിശകുകളും ഒരേ പാറ്റേണിലുള്ള പോസ്റ്റുകളും ശ്രദ്ധിച്ച ഡിജിറ്റൽ വിദഗ്ധരാണ് പ്രൊഫൈൽ വ്യാജമാണെന്ന് കണ്ടെത്തിയത്. വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ പേരിൽ എമിലി ഹാർട്ടിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. തന്റെ സബ്‌സ്‌ക്രൈബർമാർ ഉള്ളടക്കത്തിൽ സംതൃപ്തരായിരുന്നുവെന്നും താൻ ആരെയും വഞ്ചിച്ചതായി കരുതുന്നില്ലെന്നുമാണ് പിടിയിലായ മെഡിക്കൽ വിദ്യാർത്ഥിയുടെ പ്രതികരണം. ഇനി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഇയാൾ പറഞ്ഞു.

വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ എഐ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ വിദേശ രാജ്യങ്ങളിലിരുന്ന് ആർക്കും സാധിക്കുമെന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്. ഇത്തരം ‘ഹോട്ട് ഗേൾ’ പ്രൊഫൈലുകൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനവികാരത്തെ അട്ടിമറിക്കാൻ വിദേശ ശക്തികൾക്ക് എളുപ്പത്തിൽ സാധിക്കുമെന്നതിന്റെ തെളിവായി ഈ സംഭവം മാറി.

AI influencer ‘Emily Hart’ exposed: Indian medical student behind the MAGA profile that fooled Americans

More Stories from this section

family-dental
witywide