സുന്ദർ പിച്ചൈയുടെ പ്രസംഗത്തിനിടെ സ്റ്റാൻഫോർഡിലെ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി ; ഇസ്രായേൽ കരാറിനെതിരെ വൻ പ്രതിഷേധം- വിഡിയോ

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷകനായി എത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിൻ്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് കരാറിനെതിരെ പിച്ചൈ പ്രസംഗം തുടങ്ങിയ ഉടൻ ഇരുനൂറോളം വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്കരിച്ച് പുറത്തുപോയി. പലസ്തീൻ പതാകകളും ബാനറുകളുമേന്തി ‘ഫ്രീ പലസ്തീൻ’ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു വിദ്യാർത്ഥികളുടെ ഇറങ്ങിപ്പോക്ക്.

ഇസ്രായേൽ സർക്കാരുമായി ഗൂഗിളും ആമസോണും ചേർന്ന് ഒപ്പുവെച്ച 1.2 ബില്യൺ ഡോളറിൻ്റെ ‘പ്രോജക്റ്റ് നിംബസ്’ എന്ന കരാറിനെതിരെയായിരുന്നു ‘സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ’ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിലെ പലസ്തീനികളെ നിരീക്ഷിക്കുന്നതിനും സൈനിക ആവശ്യങ്ങൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

എന്നാൽ പ്രസംഗത്തിൽ ഈ പ്രതിഷേധങ്ങളെയോ യുദ്ധത്തെയോ കുറിച്ച് പരാമർശിക്കാതിരുന്ന സുന്ദർ പിച്ചൈ, ചെന്നൈയിൽ നിന്നുള്ള തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചുമാണ് സംസാരിച്ചത്. ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകർ പ്രതിഷേധത്തെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

വിദ്യാർത്ഥികളുടെ നടപടിയെ വിമർശിച്ചും പിന്തുണച്ചും പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടേത് തീവ്രമായ അറിവില്ലായ്മയും സ്വാർത്ഥതയുമാണെന്ന് ഇന്ത്യൻ-അമേരിക്കൻ വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ല പ്രതികരിച്ചു. അവരുടെ പ്രവർത്തനങ്ങൾ “പക്ഷപാതപരവും, വിഡ്ഢിത്തവും, ദീർഘവീക്ഷണമില്ലാത്തതും, തികച്ചും സ്വാർത്ഥവുമാണ്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “മാനവികതയ്ക്ക് ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുല്യതയ്ക്കുള്ള അവസരത്തിന് തുടക്കമിട്ട ഗൂഗിളിനെയും സുന്ദർ പിച്ചൈയെയും ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ഈ സ്റ്റാൻഫോർഡ് വിദ്യാർത്ഥികളുടെ വിഡ്ഢിത്തം ഓർത്ത് കഷ്ടം തോന്നുന്നു,” ഖോസ്ല കുറിച്ചു.

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി. ഇത് “അങ്ങേയറ്റത്തെ അറിവില്ലായ്മയുടെ” ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. “ഒരു ലക്ഷ്യത്തിനായി നിലകൊള്ളുന്നതിനെ അറിവില്ലായ്മയോടോ മണ്ടത്തരത്തോടോ ഉപമിക്കരുത്. നിങ്ങൾ ജീവിക്കുന്നത് നിർമ്മിത ബുദ്ധിയുടെ യുഗത്തിലാണ്, അല്ലാതെ അറിവില്ലായ്മയുടെ യുഗത്തിലല്ല,” അദ്ദേഹം പറഞ്ഞു.

എന്നാൽ, കുട്ടികൾക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധി റോ ഖന്ന പ്രതികരിച്ചു. “ഗാസ്സയിലെ ഇസ്രായേലിൻ്റെ വംശഹത്യയുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ പ്രതിരോധ സേനയുമായുള്ള ഗൂഗിളിൻ്റെ കരാറിനെതിരെ പ്രതിഷേധിച്ചാണ് ഈ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ കരാറുകളെക്കുറിച്ച് ആർക്ക് എന്ത് നിലപാടുണ്ടായാലും, അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിങ്ങൾ പിന്തുണയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- അദ്ദേഹം വിദ്യാർത്ഥികളെ പിന്തുണച്ചു.

Stanford students walk out during Sundar Pichai’s speech; Massive protest against Israel deal

More Stories from this section

family-dental
witywide