
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏതാണ്ട് തകർക്കുന്ന ഘട്ടത്തിലെത്തിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ‘ദി ന്യൂയോർക്ക് ടൈംസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ ട്രംപ് വിമർശനം ഉന്നയിച്ചത്.
നെതന്യാഹുവിനെ “വളരെ ബുദ്ധിമുട്ടേറിയ മനുഷ്യൻ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം സമാധാന ചർച്ചകളെ ഏതാണ്ട് അട്ടിമറിക്കുന്ന ഘട്ടത്തിലെത്തിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഈ ആക്രമണം മൂലം കരാർ ഏതാനും മണിക്കൂറുകൾ വൈകിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഇറാനുമായി ഇത്തരമൊരു കരാർ ഉണ്ടാക്കിയതിൽ നെതന്യാഹുവും ഇസ്രയേലും വലിയ നന്ദിയുള്ളവരായിരിക്കണം. ഇറാൻ ആണവായുധം നിർമ്മിച്ചിരുന്നെങ്കിൽ ഇസ്രയേൽ പിന്നീട് രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന തീവ്രമായ ചർച്ചകൾക്കൊടുവിലാണ് മാസങ്ങൾ നീണ്ട യുദ്ധത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലെത്തിയത്. ഈ വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി കരാർ ഒപ്പുവെക്കും.
ഹോർമോസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാന് മേലുള്ള യുഎസ് ഉപരോധങ്ങൾ നീക്കുന്നതിനും ഈ കരാർ വഴിയൊരുക്കും. എന്നാൽ, ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ഇസ്രയേലിനെ ഉൾപ്പെടുത്താത്തതും ലബനനിലെ സൈനിക നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നതുമാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്.
Netanyahu tried to destroy the peace agreement with Iran: Trump with serious accusations













