സ്കൂൾ വെടിവെപ്പ് ഭീതിയും ലക്ഷങ്ങളുടെ ചികിത്സാ ബില്ലും; അമേരിക്ക വിട്ട് സ്പെയിനിലേക്ക് കുടിയേറിയ കുടുംബത്തിന്റെ കഥ വൈറൽ

അമേരിക്കയിലെ സുരക്ഷാ പ്രശ്നങ്ങളും ഉയർന്ന ചികിത്സാ ചെലവും സഹിക്കാനാവില്ലെന്ന് പറഞ്ഞ് അമേരിക്ക വിട്ട് സ്പെയിനിലേക്ക് കുടിയേറിയ ഒരു കുടുംബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അമേരിക്കൻ പൗരനായ സാക്ക് ലിങ്കൺ ആണ് ഭാര്യയും രണ്ട് പെൺമക്കളുമായി അമേരിക്ക വിട്ടതിന്റെ കാരണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മക്കൾ പഠിച്ചിരുന്ന പ്രീസ്‌കൂളിൽ വെടിവെപ്പ് ഭീഷണി ഉണ്ടായതാണ് കുടുംബത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ആദ്യ സംഭവം. ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ സ്കൂളിൽ നിന്ന് ലഭിച്ച സന്ദേശം അവരുടെ ജീവിതത്തിലെ ഏറ്റവും ഭയാനക നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് ലിങ്കൺ പറയുന്നു. “സ്കൂൾ പരിസരത്ത് വെടിവെപ്പുകാരൻ ഉണ്ടെന്ന സന്ദേശം ലഭിച്ചു. ഞങ്ങളുടെ മക്കളെ സുരക്ഷയ്ക്കായി ഒരു അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നു. കുട്ടികൾ സുരക്ഷിതരാണോ എന്നറിയാതെ ഞങ്ങൾ മണിക്കൂറുകൾ ഭയത്തിൽ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

മക്കൾ സുരക്ഷിതരായിരുന്നെങ്കിലും ആ സംഭവം തങ്ങളെ മാനസികമായി തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ലിങ്കണിന്റെ ഭാര്യയുടെ കണങ്കാൽ പൊട്ടിയതോടെ മറ്റൊരു വലിയ തിരിച്ചടിയും കുടുംബത്തെ തേടിയെത്തി. ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും രണ്ട് വർഷത്തിനിടെ ഏകദേശം 20,000 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് സംഭവങ്ങൾക്കൊടുവിൽ അമേരിക്കയിൽ തുടരാനാകില്ലെന്ന് തീരുമാനിച്ച കുടുംബം വീട് വിറ്റു, ഭൂരിഭാഗം സാധനങ്ങളും ഉപേക്ഷിച്ചു, സുഹൃത്തുക്കളെയും പഴയ ജീവിതവും വിട്ട് യൂറോപ്പിലേക്ക് യാത്ര തിരിച്ചു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷം ഡിജിറ്റൽ നോമാഡ് വിസ വഴി സ്പെയിനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സ്പെയിനിലെ ജീവിതം ആരംഭിച്ച് എട്ട് മാസം പിന്നിടുമ്പോൾ മക്കൾ കൂടുതൽ സുരക്ഷിതരാണെന്നും ചികിത്സാ ചെലവുകൾ സാമ്പത്തിക ബാധ്യതയാകുന്നില്ലെന്നും ലിങ്കൺ പറയുന്നു. “ഞങ്ങൾ ഇപ്പോഴും അമേരിക്കയെ സ്നേഹിക്കുന്നു. പക്ഷേ ഞങ്ങളുടെ പെൺമക്കൾക്ക് സുരക്ഷിതവും മികച്ചതുമായ ഒരു ജീവിതം വേണമായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.

സംഭവം വൈറലായതോടെ അമേരിക്കയിലെ ആരോഗ്യ സംവിധാനത്തെയും സാമൂഹിക സുരക്ഷാ പ്രശ്നങ്ങളെയും വിമർശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. “അമേരിക്കൻ സ്വപ്നം ഇപ്പോൾ അമേരിക്കയിൽ നിന്ന് രക്ഷപ്പെടുക എന്നതാണ്,” എന്നായിരുന്നു ഒരാളുടെ പരിഹാസപരമായ പ്രതികരണം.

An American father has gone viral after sharing why he and his wife decided to leave the United States and move to Spain with their two young daughters.

More Stories from this section

family-dental
witywide