വീണ്ടും ട്രംപിൻ്റെ ‘തീരുവ’ പ്രഹരം; ഇന്ത്യയടക്കം 16 രാജ്യങ്ങൾക്കുമേൽ പുതിയ തീരുവയ്ക്ക് അമേരിക്ക, ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 രാജ്യങ്ങൾക്കുമേൽ പുതിയ ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു. ഈ രാജ്യങ്ങളിലെ അധിക വ്യാവസായിക ഉൽപ്പാദന ശേഷിയെക്കുറിച്ച് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് എട്ട് മാസം മുൻപ് ആരംഭിച്ച അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഈ ആഴ്ച പുറത്തുവിടുമെന്നും തുടർന്ന് പുതിയ തീരുവകൾ നിർദ്ദേശിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

അമേരിക്ക തീരുവ വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ‘വാൾ സ്ട്രീറ്റ് ജേണലും’, നടപടി ഉടൻ ഉണ്ടായേക്കാമെന്ന് ‘ബ്ലൂംബെർഗും’ റിപ്പോർട്ട് ചെയ്തു. യുഎസ്‌ടിആർ റിപ്പോർട്ട് പുറത്തുവന്ന ശേഷം പൊതുജനാഭിപ്രായം തേടുന്ന ഹിയറിംഗുകൾ നടക്കും. ഇതിന് ശേഷം ഏകദേശം 45 ദിവസത്തിനുള്ളിലായിരിക്കും അന്തിമ തീരുവ പ്രഖ്യാപിക്കുക.

അമേരിക്കയുടെ നീക്കം ഇന്ത്യൻ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെങ്കിലും, ഇത് രാജ്യത്തിന് പ്രതികൂലമാകില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഘടനാപരമായ അധിക ഉൽപ്പാദന ശേഷിയില്ലെന്നും, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത മുൻകൂട്ടി കണ്ടുള്ള ഉൽപ്പാദനം മാത്രമാണ് നടക്കുന്നതെന്നും ഇന്ത്യ യുഎസിനെ അറിയിച്ചിട്ടുണ്ട്. ഉൽപ്പാദന ശേഷി കൂട്ടാൻ സർക്കാർ സബ്‌സിഡികളോ പ്രത്യേക സഹായങ്ങളോ നൽകുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അന്തിമ തീരുവ പ്രഖ്യാപിച്ച ശേഷം അമേരിക്കയുമായി വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ ആരംഭിക്കും. മേഖലയിലെ മറ്റ് എതിരാളികളേക്കാൾ ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്ന രീതിയിലുള്ള കരാറിൽ എത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം.

“പരസ്പര തീരുവ” ചുമത്താൻ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചതിന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് ട്രംപ് ഭരണകൂടം ‘സെക്ഷൻ 301’ പ്രകാരം രണ്ട് അന്വേഷണങ്ങൾ ആരംഭിച്ചത്. നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെ 50-ലധികം രാജ്യങ്ങൾക്ക് നേരത്തെ 10 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു (ആദ്യം 12.5 ശതമാനമാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ഇത് 10 ശതമാനമായി കുറച്ചിരുന്നു). ഇതിന് പിന്നാലെയുള്ള രണ്ടാമത്തെ അന്വേഷണ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആദ്യഘട്ട തീരുവകൾക്കെതിരെ യുഎസ് കോടതികളിൽ നിലവിൽ നിയമപോരാട്ടം നടക്കുന്നുണ്ട്. മിക്ക രാജ്യങ്ങൾക്കുമെതിരായ യുഎസ്‌ടിആർ കണ്ടെത്തലുകൾ സമാനമായതിനാൽ രണ്ടാമത്തെ തീരുവയും കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ 20 വ്യാപാര പങ്കാളികളിൽ കാനഡ, യുകെ, ബ്രസീൽ, ഓസ്‌ട്രേലിയ എന്നിവയൊഴികെ മറ്റെല്ലാവരും ഈ നടപടി നേരിടുകയാണ്. നോർവേ, ഇന്തോനേഷ്യ, കംബോഡിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

Another ‘tariff’ blow from Trump; US imposes new tariffs on 16 countries, including India; Centre says there is no need for concern.

More Stories from this section

family-dental
witywide