അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെയും വിടാതെ ഹാക്കർമാർ; സി.ഐ.എയിലും ഒ.ഡി.എൻ.ഐയിലും സൈബർ ആക്രമണം, വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ), ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ഒ.ഡി.എൻ.ഐ) എന്നിവയുടെ ശൃംഖലകളിൽ സൈബർ നുഴഞ്ഞുകയറ്റം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ രഹസ്യസ്വഭാവമില്ലാത്ത ചില വിവരങ്ങൾ ചോർന്നതായാണ് സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പൊതുവായി ലഭ്യമായ വിവരങ്ങളിൽ നിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ചോർന്ന വിവരങ്ങളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ലെങ്കിലും, മറ്റ് ചില സർക്കാർ ഏജൻസികളുടെ വിവരങ്ങളും ഇതിലൂടെ പുറത്തായിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. അതേസമയം, രാജ്യത്തിന്റെ നിർണ്ണായക പ്രവർത്തനങ്ങളെയോ അതീവ രഹസ്യ സ്വഭാവമുള്ള സംവിധാനങ്ങളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ഒ.ഡി.എൻ.ഐ വ്യക്തമാക്കി. സി.ഐ.എ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ സർക്കാർ സംവിധാനങ്ങളിലും വൻകിട കമ്പനികളിലും സാങ്കേതിക തടസ്സങ്ങളും സൈബർ ആക്രമണങ്ങളും വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ യു.എസ്. കൃഷി വകുപ്പിലും സമാനമായ നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് വ്യത്യസ്ത സൈബർ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി എഫ്.ബി.ഐയും സ്ഥിരീകരിച്ചിട്ടുണ്ട്. പെന്റഗൺ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് എന്നിവയും സമീപ ആഴ്ചകളിൽ സൈബർ ഭീഷണികൾ നേരിട്ടു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ ആശയവിനിമയ തടസ്സത്തെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ചതും, ആപ്പിൾ, മൈക്രോസോഫ്റ്റ്, ജെ.പി. മോർഗൻ ചേസ് തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ നേരിട്ട സാങ്കേതിക തകരാറുകളും വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു.

രാജ്യത്തെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ശൃംഖലകളും സുരക്ഷിതമാണെന്നും, നിലവിലെ തടസ്സങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ സൈബർ ആക്രമണമല്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം വ്യക്തമാക്കി.

ഹാക്കർമാരെ പ്രതിരോധിക്കാനായി സുരക്ഷാ സംവിധാനങ്ങൾ വേഗത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പല സാങ്കേതിക തടസ്സങ്ങളും ഉണ്ടാകുന്നതെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജയ് ക്ലേട്ടൺ പറഞ്ഞു. എന്നാൽ, സൈബർ കുറ്റവാളികൾ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വലിയ ആക്രമണങ്ങൾക്ക് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Hackers without leaving US intelligence agencies; CIA, ODNI cyber attack, data leaks reported

More Stories from this section

family-dental
witywide