പ്രതി ചക്രവാതം ദുർബലമാകുന്നു, കേരളത്തിലെ അന്തരീക്ഷം തണുക്കും, ആശ്വാസമായി പലയിടത്തും വേനൽമഴ; പാലക്കാട് കൊടും ചൂട്, ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലം പ്രവർത്തിക്കണ്ട’

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി അന്തരീക്ഷം തണുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. സംസ്ഥാനത്ത് കൊടും ചൂടിന് കാരണമായിരുന്ന പ്രതി ചക്രവാതം (Anti-cyclone) ദുർബലമാകുന്നതാണ് ഇതിന് കാരണം. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന ഈ പ്രതിഭാസം മാറുന്നതോടെ ഏപ്രിൽ അവസാന വാരത്തിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ഇതിനിടെ, കൊച്ചി ഉൾപ്പെടെയുള്ള എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ പെയ്തത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.

കൊച്ചിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടു. ആലുവ മേഖലയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ പെയ്തതോടെ നഗരപ്രദേശങ്ങളിലെ ചൂടിന് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, താപനില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നാളെ (ഏപ്രിൽ 20) മുതൽ സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ജില്ലയിൽ 40.1 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതും ഹീറ്റ് സ്ട്രോക്ക് സാധ്യതയുള്ളതിനാലുമാണ് നടപടി. ക്ലാസുകൾ 24 മണിക്കൂറിനകം ഓൺലൈൻ രീതിയിലേക്ക് മാറ്റണമെന്നും താപനില 37 ഡിഗ്രിയിൽ താഴെയാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും കളക്ടർ വ്യക്തമാക്കി.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് കൂടാതെ കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങീ പന്ത്രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും. 22-ാം തീയതി വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നത് മാത്രമാണ് നിലവിലെ ഏക ആശ്വാസം.

Anti-Cyclone Weakens Bringing Relief to Heat-Stricken Kerala; Summer Rains Likely to Intensify by April End

More Stories from this section

family-dental
witywide