വാഷിങ്ടൺ: അമേരിക്കൻ തൊഴിലാളികളെക്കാൾ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനികൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് (DOJ) നടപടി ശക്തമാക്കുന്നു. ഗ്രീൻ കാർഡ് സ്പോൺസർഷിപ്പിനായി വിദേശ തൊഴിലാളികളെ നിയമിക്കുന്ന ടെക്‌നോളജി, ഐടി സേവന കമ്പനികളാണ് പ്രധാനമായും പരിശോധന നേരിടുന്നത്. വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള തൊഴിൽ സർട്ടിഫിക്കേഷൻ നടപടിയായ PERM പ്രക്രിയയിലാണ് നീതിന്യായ വകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കുടിയേറ്റ നിയമ അഭിഭാഷകർ പറയുന്നു.
അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്ന ട്രംപ് ഭരണകൂടം, താൽക്കാലിക വിസയുള്ള വിദേശ തൊഴിലാളികൾക്ക് കമ്പനികൾ നിയമനത്തിൽ അനാവശ്യ മുൻഗണന നൽകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രധാന കേസിൽ OpenAI 32 ലക്ഷം ഡോളർ നൽകാൻ സമ്മതിച്ചു. PERM നടപടികളുമായി ബന്ധപ്പെട്ട തസ്തികകളിലേക്ക് അമേരിക്കൻ തൊഴിലാളികൾക്ക് അപേക്ഷിക്കാനുള്ള അവസരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലായിരുന്നു കമ്പനിയുടെ റിക്രൂട്ട്മെന്റ് രീതിയെന്നാണ് DOJയുടെ ആരോപണം.
വിദേശ തൊഴിലാളികൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ് PERM. ആദ്യം തൊഴിലുടമ തൊഴിൽ വകുപ്പിൽ നിന്ന് ബന്ധപ്പെട്ട ജോലിയുടെ നിലവിലെ വേതനനിരക്ക് സംബന്ധിച്ച അംഗീകാരം നേടണം. തുടർന്ന് യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്ന് തെളിയിക്കുന്നതിനായി റിക്രൂട്ട്മെന്റ് നടപടികൾ നടത്തണം. OpenAIയുടെ കേസിൽ, PERM സംബന്ധമായ ജോലികൾക്കായി പുറത്തുനിന്നുള്ള അപേക്ഷകർ തപാൽ വഴി അപേക്ഷിക്കണമെന്ന് കമ്പനി നിർദേശിച്ചുവെന്ന് DOJ പറഞ്ഞു. എന്നാൽ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ വ്യത്യാസം അമേരിക്കൻ തൊഴിലാളികൾക്ക് ആ ജോലികളിലേക്ക് മത്സരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയെന്നാണ് DOJയുടെ കണ്ടെത്തൽ.
തൊഴിൽ വകുപ്പിന്റെ PERM നിയമങ്ങൾ പാലിച്ചാലും, അമേരിക്കൻ തൊഴിലാളികൾക്ക് അപേക്ഷിക്കുന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള റിക്രൂട്ട്മെന്റ് രീതികളാണ് സ്വീകരിച്ചതെന്ന് കണ്ടെത്തിയാൽ കമ്പനികൾക്ക് DOJയുടെ പരിശോധന നേരിടേണ്ടിവരുമെന്ന് കുടിയേറ്റ നിയമ വിദഗ്ധർ പറഞ്ഞു. അമേരിക്കൻ തൊഴിലാളികൾക്ക് തുല്യമായ അവസരം ഉറപ്പാക്കുന്നതിനായി കമ്പനികളുടെ റിക്രൂട്ട്മെന്റ് രീതികളിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് DOJ സിവിൽ റൈറ്റ്സ് ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് കെ. ധില്ലൺ പറഞ്ഞു.
താൽക്കാലിക വിസയുള്ള വിദേശ തൊഴിലാളികൾക്ക് അമേരിക്കൻ തൊഴിലാളികളേക്കാൾ നിയമവിരുദ്ധമായി മുൻഗണന നൽകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സ്വമേധയാ ആരംഭിക്കുന്ന അന്വേഷണങ്ങളും പരാതികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും വർധിപ്പിച്ചിട്ടുണ്ടെന്നും യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.ഇതിന് സമാനമായ ആരോപണങ്ങൾ നേരത്തെ മെറ്റ, ആപ്പിൾ തുടങ്ങിയ കമ്പനികൾക്കെതിരെയും ഉയർന്നിരുന്നു.
Are foreign workers being preferred over American workers? Inspections of US companies have been intensified.











