ഐസയാസ് ചുഴലിക്കാറ്റിനെത്തുടർന്ന് അമേരിക്കയിൽ നാലുപേർ മരിച്ചു. അലബാമയിലും ഫ്ലോറിഡയിലും രണ്ടുപേർ വീതമാണ് മരിച്ചത്. വീടുകൾക്കുമേൽ മരങ്ങൾ കടപുഴകി വീണാണ് രണ്ടുപേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിനും മിന്നൽപ്രളയത്തിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 2026ലെ അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ ആദ്യ ചുഴലിക്കാറ്റായ ഐസയാസ് വെള്ളിയാഴ്ച രാത്രിയാണ് ഫ്ലോറിഡയിലെ ഡെസ്റ്റിന് സമീപം മെക്സിക്കൻ ഉൾക്കടൽ തീരത്ത് കരതൊട്ടത്.
അന്ന് കാറ്റഗറി രണ്ടിൽപ്പെട്ട ചുഴലിക്കാറ്റായിരുന്ന ഐസയാസ് മണിക്കൂറുകൾക്കകം ശക്തി കുറഞ്ഞ് പോസ്റ്റ് ട്രോപ്പിക്കൽ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച രാത്രിയോടെ ടെന്നസിയിലേക്ക് നീങ്ങിയ ഐസയാസ് ശക്തി കുറഞ്ഞിട്ടും കനത്ത നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള നിലയിലായിരുന്നു. മണിക്കൂറിൽ 16 മൈൽ വേഗത്തിൽ വടക്കുകിഴക്കോട്ട് നീങ്ങിയ ചുഴലിക്കാറ്റ് നാഷ്‌വില്ലിൽനിന്ന് ഏകദേശം 75 മൈൽ തെക്കായിരുന്നു. മണിക്കൂറിൽ 25 മൈൽ വേഗത്തിലായിരുന്നു കാറ്റ് വീശിയിരുന്നത്.കനത്ത മഴയെ തുടർന്ന് തെക്കൻ അപ്പലാച്ചിയൻ മേഖല ഉൾപ്പെടെ തെക്കുകിഴക്കൻ യുഎസിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോർജിയയുടെ കിഴക്കൻ മേഖലകളിലും കരോലിന സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോയി. വിവിധ സംസ്ഥാനങ്ങളിലായി 4.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. മറ്റൊരു കാലാവസ്ഥാ സംവിധാനവുമായി ലയിക്കുന്നതോടെ ഞായറാഴ്ചയോടെ ഐസയാസ് പൂർണമായി ദുർബലമാകുമെന്നാണ് പ്രവചനം. ഐസയാസിനെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജോർജിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അനുമതി നൽകിയതായി ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി (ഫെമ) അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ നിരവധി കൗണ്ടികളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫെഡറൽ വിഭവങ്ങൾ ലഭ്യമാക്കും. ചുഴലിക്കാറ്റ് കരതൊടുന്നതിനു മുമ്പ് അയൽസംസ്ഥാനങ്ങളായ ഫ്ലോറിഡയിലും അലബാമയിലും ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കൻ ജോർജിയയുടെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ ആറു ഇഞ്ച് വരെ മഴ ലഭിക്കാമെന്നാണ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് മിന്നൽപ്രളയ സാധ്യത വർധിപ്പിക്കുന്നുണ്ട്.
At least 4 dead as weakened Isaias brings threat of floods across the Southeast













