
വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഡിസംബർ മാസത്തെ വിസ ബുള്ളറ്റിൻ പുറത്തിറങ്ങി. കുടുംബ-സ്പോൺസർ വിഭാഗങ്ങളിലെ ചില തീയതികൾ മുന്നോട്ട് നീങ്ങിയപ്പോൾ, ഇന്ത്യൻ പ്രൊഫഷണലുകൾ ഏറെ ആശ്രയിക്കുന്ന തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളിൽ ഇത്തവണയും മാറ്റമൊന്നുമില്ല.
യുഎസ് സ്ഥിരതാമസക്കാരുടെ പങ്കാളികളെയും 21 വയസ്സിന് താഴെയുള്ള അവിവാഹിതരായ മക്കളെയും ഉൾപ്പെടുത്തുന്ന എഫ്2എ വിഭാഗത്തിൽ ഫൈനൽ ആക്ഷൻ തീയതി ഒരു മാസം മുന്നോട്ട് നീങ്ങി 2026 നവംബർ 22 ആയി. മുതിർന്ന യുഎസ് പൗരന്മാരുടെ സഹോദരീസഹോദരന്മാരെ ഉൾപ്പെടുത്തുന്ന എഫ്4 (F4) വിഭാഗത്തിലും കാര്യമായ മുന്നേറ്റമുണ്ട്. ഈ വിഭാഗത്തിൽ ഇന്ത്യയ്ക്കുള്ള ഫൈനൽ ആക്ഷൻ തീയതി 2006 ഡിസംബർ 15-ൽ നിന്ന് 2007 ഫെബ്രുവരി 15 ആയും, ഫയലിംഗ് തീയതി 2007 ഫെബ്രുവരി ഒന്നിൽ നിന്ന് ഓഗസ്റ്റ് 15 ആയും ഉയർന്നു. ഇതോടെ നേരത്തെയുള്ള പ്രയോറിറ്റി തീയതികളുള്ള അപേക്ഷകർക്ക് അടുത്ത ഘട്ട രേഖകൾ സമർപ്പിക്കാൻ വഴിയൊരുങ്ങും.
അതേസമയം, തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളായ ഇബി-1, ഇബി-2, ഇബി-3 എന്നിവയിൽ ഡിസംബറിലും മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇബി-2 ഫൈനൽ ആക്ഷൻ തീയതി 2013 നവംബർ ഒന്നിനും ഇബി-3 തീയതി 2014 ജനുവരി 22-നും ഇബി-1 തീയതി 2023 ഫെബ്രുവരി ഒന്നിനും മാറ്റമില്ലാതെ തുടരുകയാണ്. ഡേറ്റ്സ് ഫോർ ഫയലിംഗ് ചാർട്ടിലും സമാനമായ സ്ഥിതിയാണുള്ളത്.
ദേശീയ സുരക്ഷയും പൊതുസുരക്ഷയും മുൻനിർത്തിയുള്ള ഭരണകൂട നടപടികളെത്തുടർന്ന് ഇമിഗ്രന്റ് വിസ അനുവദിക്കുന്നതിന്റെ നിരക്ക് കുറഞ്ഞതായി ബുള്ളറ്റിൻ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം കൂടുന്നതനുസരിച്ച് കട്ട്-ഓഫ് തീയതികൾ പിന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നും, വാർഷിക വിസ പരിധി തികഞ്ഞാൽ ചില വിഭാഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ചേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. യുഎസിനുള്ളിൽ നിന്ന് സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്നവർ രേഖകൾ സമർപ്പിക്കുന്നതിന് മുമ്പ് യുഎസ്സിഐഎസ് ഔദ്യോഗിക വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പരിശോധിക്കേണ്ടതാണ്.
അമേരിക്ക ഓരോ വർഷവും ഓരോ രാജ്യത്തിനും നിശ്ചിത എണ്ണം ഗ്രീൻ കാർഡുകൾ മാത്രമാണ് അനുവദിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതിനാൽ വർഷങ്ങൾ നീളുന്ന കാത്തിരിപ്പാണ് പല വിഭാഗങ്ങളിലും നിലനിൽക്കുന്നത്. അതുകൊണ്ടാണ് 2006, 2007, 2013 തുടങ്ങിയ വർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചവരുടെ ഫയലുകളിൽ ഇപ്പോൾ അന്തിമ തീരുമാനമാകുന്നത്.
US Green Card: Relief for Indians in F2A and F4 family categories; no changes in employment-based categories.















