
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ബറാക്ക ആണവനിലയത്തിന് നേരെ കഴിഞ്ഞ മാസമുണ്ടായ ഡ്രോൺ ആക്രമണം കൃത്യമായ ലക്ഷ്യത്തോടെ പ്രൊഫഷണലായി ആസൂത്രണം ചെയ്തതാണെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി. അബുദാബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണം നടന്ന ആണവനിലയം നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയർമാൻ ഹമദ് അൽ കാബി സി.എൻ.എന്നിനോട് പറഞ്ഞു. എങ്കിലും ഐ.എ.ഇ.എ യുമായി ചേർന്ന് നേരത്തെ നടത്തിയിരുന്ന വിപുലമായ പരിശീലനങ്ങൾ പ്രതിസന്ധി ഘട്ടത്തെ അതിവേഗം മറികടക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായെങ്കിലും, പ്ലാന്റിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളെ ഇത് ഒട്ടും ബാധിച്ചിട്ടില്ല. പ്ലാന്റിന് നേരെ വന്ന രണ്ട് ഡ്രോണുകൾ യു.എ.ഇ പ്രതിരോധ മന്ത്രാലയം വിജയകരമായി തകർത്തപ്പോൾ, മൂന്നാമത്തെ ഡ്രോൺ പ്ലാന്റിന്റെ ആന്തരിക അതിർത്തിക്ക് പുറത്തുള്ള ഒരു ഇലക്ട്രിസിറ്റി ജനറേറ്ററിലാണ് പതിച്ചത്. യു.എ.ഇയുടെ ആകെ ഊർജ്ജ ആവശ്യത്തിന്റെ നാലിലൊന്നും ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സാണ് ബറാക്ക ആണവനിലയം.
ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ ശക്തമായ സ്വാധീനമുള്ള ഇറാഖിൽ നിന്നാണ് ഈ ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് യു.എ.ഇ അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, നിലവിൽ ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ പരിമിതമാണെന്നും, ഇത് എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഐ.എ.ഇ.എ മേധാവി റാഫേൽ ഗ്രോസി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.














