
ഇറാന്റെ അണുആയുധ ശേഷി പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് പർവ്വതമേഖലയിലെ അതീവ രഹസ്യ ആണവ കേന്ദ്രത്തിന് നേരെ ഉടൻ വൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും തിരിച്ചടിയെന്ന് സൂചന നൽകിയ ട്രംപ്, ഈ മേഖലയിൽ അതിശക്തമായ ആക്രമണമാണ് യു.എസ് ആസൂത്രണം ചെയ്യുന്നതെന്നും വ്യക്തമാക്കി. കപ്പലുകൾക്കും അമേരിക്കൻ താൽപ്പര്യങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ഇറാനുമേൽ പത്തിരട്ടിയായി തിരിച്ചടിക്കുമെന്ന് യു.എസ് യുദ്ധകാര്യ സെക്രട്ടറി (പ്രതിരോധ സെക്രട്ടറി) പീറ്റ് ഹെഗ്സേഥും മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിൽ യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ബഹറൈനിലെ ആമസോൺ ഡാറ്റാ ഹബ്ബ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. ഇതിനുപുറമെ, ഹോർമൂസ് കടലിടുക്കിൽ യു.എ.ഇ തീരത്തോട് ചേർന്ന് വീണ്ടും വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഹോർമൂസ് കടലിടുക്കിലെ സംഘർഷങ്ങൾക്ക് പുറമെ, സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂത്തി വിമതർ നാവിക ഉപരോധം കൂടി പ്രഖ്യാപിച്ചതോടെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. ചരക്ക് കപ്പലുകൾക്കും ഊർജ്ജ ഗതാഗതത്തിനും നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്ഥിതി രൂക്ഷമായതോടെ ഗൾഫ് മേഖലയിലാകെ അമേരിക്കയും സഖ്യസേനകളും സുരക്ഷയും നിരീക്ഷണവും അതിശക്തമാക്കിയിരിക്കുകയാണ്.
US President Trump Warns Attack on Iran Nuclear Facility as Regional Conflict Escalates















