16 വയസ്സിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ വിലക്ക് ലംഘനം; ഫെയ്‌സ്ബുക്കിനും ടിക്‌ടോക്കിനുമെതിരെ കേസെടുക്കാൻ ഓസ്‌ട്രേലിയ

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്ക്, ടിക്‌ടോക്ക് ഉൾപ്പെടെയുള്ള പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസെടുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ. അഞ്ച് പ്ലാറ്റ്‌ഫോമുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താ വിനിമയ മന്ത്രി അനിക വെൽസ് വ്യക്തമാക്കി.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ടിക്‌ടോക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾ നിയമം പാലിക്കുന്നുണ്ടോയെന്ന് ഓസ്‌ട്രേലിയയുടെ ഓൺലൈൻ സുരക്ഷാ നിയന്ത്രണ ഏജൻസിയായ ഇസേഫ്റ്റി കമ്മിഷണർ മാർച്ചിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയാൻ കമ്പനികൾ ന്യായമായ നടപടികൾ സ്വീകരിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

തിങ്കളാഴ്ച സിഡ്‌നിയിൽ നൽകിയ അഭിമുഖത്തിലാണ് അഞ്ച് പ്ലാറ്റ്‌ഫോമുകൾക്കെതിരെയും നിയമനടപടി മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ജൂലൈയിൽ പുറത്തുവന്ന ഇസേഫ്റ്റി റിപ്പോർട്ട് പ്രകാരം, പ്രായപരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വിലക്ക് ബാധകമായ നിരവധി കുട്ടികൾക്ക് പഴയ അക്കൗണ്ടുകൾ തുടരാനും പുതിയവ സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു.

ലോകത്ത് ആദ്യമായി ഓസ്‌ട്രേലിയ നടപ്പാക്കിയ സോഷ്യൽ മീഡിയ വിലക്ക് നിലവിൽവന്ന് ഒരു വർഷത്തോടടുക്കുമ്പോൾ, നിയമലംഘനത്തിനുള്ള പരമാവധി പിഴ സർക്കാർ 10.92 കോടി ഓസ്‌ട്രേലിയൻ ഡോളറായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, സോഷ്യൽ മീഡിയ കമ്പനികളിൽനിന്ന് രേഖകൾ ആവശ്യപ്പെടാനും നിലവിലുള്ളതോ മുൻകാലത്തേതോ ആയ ജീവനക്കാരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും ഇസേഫ്റ്റി കമ്മിഷണർ ജൂലി ഇൻമാൻ ഗ്രാന്റിന് കൂടുതൽ അധികാരങ്ങളും നൽകിയിട്ടുണ്ട്.

അഞ്ച് കമ്പനികൾക്കെതിരെയും ഫെഡറൽ കോടതിയിൽ കേസ് നൽകാൻ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ ഇപ്പോൾ കമ്മിഷണർക്ക് കൂടുതൽ അധികാരമുണ്ട്. കേസ് തയ്യാറാക്കാൻ ഈ അധികാരങ്ങൾ ഉപയോഗിച്ചുവരികയാണ് എന്ന് വെൽസ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ മെറ്റയുടെയും ഇസേഫ്റ്റിയുടെയും വക്താക്കൾ ഉടൻ പ്രതികരിച്ചില്ല. സ്‌നാപ്ചാറ്റിന്റെ ഉടമസ്ഥരായ സ്‌നാപ് ഇൻക്, ടിക്‌ടോക്കിന്റെയും ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെയും യൂട്യൂബിന്റെ മാതൃകമ്പനിയായ ഗൂഗിളിന്റെയും പ്രതിനിധികളും പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള പ്രായപരിധി പാലിക്കുന്നതിൽ കമ്പനികൾ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞയാഴ്ച വെൽസ് വിമർശിച്ചിരുന്നു.

Australia to sue Facebook, TikTok over violations of under-16 social media ban

More Stories from this section

family-dental
witywide