
കാൻബറ: ടെമ്പററി ഗ്രാജ്വേറ്റ് വിസ (സബ്ക്ലാസ് 485) അപേക്ഷകളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ ഓസ്ട്രേലിയ കർശനമാക്കി. നവംബർ 13 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം അനുസരിച്ച്, യോഗ്യരായ ആശ്രിതർക്ക് പിന്നീട് പ്രത്യേകമായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. പകരം പ്രധാന അപേക്ഷകനോടൊപ്പം തന്നെ എല്ലാവരും ഒരുമിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
അപേക്ഷകന്റെ മുൻ സ്റ്റുഡന്റ് വിസയിലോ അല്ലെങ്കിൽ ആദ്യ ടെമ്പററി ഗ്രാജ്വേറ്റ് വിസയിലോ ഉൾപ്പെട്ടിരുന്ന അതേ കുടുംബാംഗങ്ങളെ മാത്രമേ പുതിയ അപേക്ഷയിലും ഉൾപ്പെടുത്താൻ സാധിക്കൂ. ആദ്യ ടെമ്പററി ഗ്രാജ്വേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക്, നിലവിൽ ആശ്രിത സ്റ്റുഡന്റ് വിസയുള്ളവരെയോ, ഇക്കഴിഞ്ഞ ഒക്ടോബർ 2-നോ അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറ് മാസത്തിനുള്ളിലോ അത്തരം വിസ കൈവശം വച്ചിരുന്നവരെയോ മാത്രമേ ഉൾപ്പെടുത്താനാകൂ. രണ്ടാമത്തെ ടെമ്പററി ഗ്രാജ്വേറ്റ് വിസയിലും സമാനമായ നിബന്ധനകൾ ബാധകമാണ്.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പ്രധാന അപേക്ഷകൻ ഓസ്ട്രേലിയയിൽ ഉണ്ടായിരിക്കണം. എന്നാൽ ആശ്രിതർ ഓസ്ട്രേലിയയ്ക്ക് അകത്തോ പുറത്തോ ആയിരിക്കുന്നതിൽ തടസ്സമില്ല. അതേസമയം, പ്രധാന അപേക്ഷകർക്കുള്ള വിസ മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നവംബർ 13-ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ പഴയ നിയമങ്ങൾ അനുസരിച്ചായിരിക്കും പരിഗണിക്കുക.
പസഫിക്, ആസിയാൻ രാജ്യങ്ങളിലെ പൗരന്മാർ, സ്റ്റുഡന്റ് വിസയിലിരിക്കെ പിഎച്ച്ഡി പൂർത്തിയാക്കിയവർ, വിദേശ സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ പഠനം പൂർത്തിയാക്കിയവർ എന്നിവർക്ക് പുതിയ നിയമത്തിൽ ഇളവുകളുണ്ട്. ഇവർക്ക് മുൻ വിസയിൽ ഇല്ലാതിരുന്ന പുതിയ കുടുംബാംഗങ്ങളെയും അപേക്ഷയിൽ ഉൾപ്പെടുത്താം. എങ്കിലും എല്ലാവരും ഒരുമിച്ച് അപേക്ഷിക്കണമെന്ന നിബന്ധന ഇവർക്കും ബാധകമാണ്.
കൂടാതെ, മാതാപിതാക്കൾക്ക് അവസാനമായി വിസ ലഭിച്ചതിന് ശേഷം ഓസ്ട്രേലിയയ്ക്ക് പുറത്ത് ജനിച്ച കുട്ടികളെയും അപേക്ഷയിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ട്. മാതാപിതാക്കൾ ടെമ്പററി ഗ്രാജ്വേറ്റ് വിസയിൽ ആയിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ ജനിക്കുന്ന കുട്ടികൾക്ക് അതേ വിസ സ്വയമേവ ലഭിക്കുമെന്നതിനാൽ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല; ജനനവിവരം വകുപ്പിനെ അറിയിച്ചാൽ മതിയാകും.
ഓൺലൈൻ പോർട്ടലായ ഇമ്മി അക്കൗണ്ട് വഴി യോഗ്യതയില്ലാത്ത ആശ്രിതരെ അപേക്ഷയിൽ ചേർക്കാൻ സാങ്കേതികമായി സാധിച്ചേക്കാമെങ്കിലും, അത്തരം അപേക്ഷകൾ അസാധുവായി കണക്കാക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകി. അപേക്ഷ അസാധുവാകുന്നത് നിലവിലെ വിസ കാലാവധി കഴിഞ്ഞ കുടുംബാംഗങ്ങളുടെ നിയമപരമായ താമസത്തെ ബാധിക്കും. ഇത്തരത്തിൽ അസാധുവാക്കപ്പെടുന്ന അപേക്ഷകളിൽ പുനഃപരിശോധനയ്ക്ക് അവസരമുണ്ടായിരിക്കില്ലെന്നും അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് കൃത്യമായ രേഖകളും യോഗ്യതയും ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Strict restrictions on Australian graduate visas















