പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടി റോബോട്ട് ; ദൃശ്യങ്ങൾ ടിക് ടോക്കിൽ ലൈവ്, രണ്ട് കൗമാരക്കാർ ജർമനിയിൽ പിടിയിൽ

കൊളോൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജർമനിയിൽ റോബോട്ടിനെ ഉപയോഗിച്ച് പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം. ജർമനിയിലെ കൊളോൺ നഗരത്തിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്. അയൺമാന്റെ രൂപ സാദൃശ്യമുള്ള ഹ്യൂമനോയ്ഡ് റോബോട്ടിനെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിച്ചാണ് കൗമാരക്കാർ പെൺകുട്ടിയെ ഉപദ്രവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 16-ഉം 19-ഉം വയസ്സുള്ള രണ്ട് യുവാക്കളെ ജർമ്മൻ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൈനീസ് കമ്പനിയായ ‘യൂണിട്രീ റോബോട്ടിക്സ്’ നിർമ്മിച്ച 1.2 മീറ്റർ (നാലടി) ഉയരമുള്ള റോബോട്ടാണ് അതിക്രമത്തിന് ഉപയോഗിച്ചത്. ചുവപ്പും സ്വർണ്ണവും കലർന്ന അയൺമാൻ കോസ്റ്റ്യൂമിന് പുറമെ വ്യാജ മീശയും സ്വർണ്ണമാലയും വസ്ത്രങ്ങളും ഈ റോബോട്ടിനെ ധരിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ 10-ന് അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. കൊളോൺ നഗരത്തിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന 16 വയസ്സുകാരിയെ റോബോട്ട് പിന്നിലൂടെ വന്ന് കടന്നുപിടിക്കുകയായിരുന്നു. റോബോട്ട് പെൺകുട്ടിയെ ലൈംഗികച്ചുവയോടെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ലൈവ് സ്ട്രീമിങ്ങിനിടെ ഇവർ പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല കമന്ററി നൽകിയതായും പൊലീസ് പറഞ്ഞു.

അതിക്രമത്തിന് ഇരയായ പെൺകുട്ടി ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ, സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തുടർന്നാണ് റോബോട്ടിന്റെ ഉടമയായ 16-കാരനെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.

റോബോട്ടിന്റെ ചലനങ്ങൾ കൗമാരക്കാർ റിമോട്ട് കൺട്രോൾ വഴി മനഃപൂർവ്വം നിയന്ത്രിച്ചതാണോ, അതോ അതിന്റെ എഐ പ്രോഗ്രാമിങ്ങിൽ വന്ന എന്തെങ്കിലും തകരാറാണോ സംഭവത്തിന് പിന്നിലെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും ദുരുപയോഗം ചെയ്ത് മനുഷ്യർക്കെതിരെ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾ നിയമപാലകർക്ക് വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

Robot sexually assaults 16-year-old girl; incident livestreamed on TikTok; two teenagers detained in Germany.