വിദേശരാജ്യങ്ങളിലെ കഞ്ചാവ് ലഭ്യത വിമാന കമ്പനികൾക്ക് തലവേദന; പൈലറ്റുമാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ പരിശോധന കർശനമാക്കുന്നു

ന്യൂഡൽഹി: തായ്‌ലൻഡ്, ആംസ്റ്റർഡാം തുടങ്ങിയ വിദേശരാജ്യങ്ങളിൽ മരിജുവാന (കഞ്ചാവ്) വിനോദത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി നിയമവിധേയമാക്കിയത് ആഗോള വ്യോമയാന മേഖലയ്ക്ക് കടുത്ത തലവേദനയാകുന്നു. പൈലറ്റുമാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാർ ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് എയർലൈൻ കമ്പനികളെ വലയ്ക്കുന്നത്.

ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ലളിതമായ ശ്വാസപരിശോധന മതിയെങ്കിൽ, രാസലഹരികളുടെ സാന്നിധ്യം കണ്ടെത്തുക എളുപ്പമല്ല. മദ്യത്തെ അപേക്ഷിച്ച് ഇത്തരം ലഹരിവസ്തുക്കൾ കൂടുതൽ ദിവസം ശരീരത്തിൽ അവശേഷിക്കും. മുൻകൂട്ടി അറിയിക്കാതെയുള്ള റാൻഡം ഡോപ്പ് ടെസ്റ്റുകൾ വർദ്ധിപ്പിക്കുക മാത്രമാണ് ഇതിനൊരു പരിഹാരമെന്ന് എയർലൈൻ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ലഹരിയുടെ സ്വാധീനത്തിൽ വിമാനം പറത്തുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ അമേരിക്കയിൽ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പൈലറ്റ് യാത്രാമധ്യേ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇയാൾ രണ്ട് ദിവസം മുൻപ് മാജിക് മഷ്റൂം എന്ന ലഹരിവസ്തു ഉപയോഗിച്ചതായി പിന്നീട് കണ്ടെത്തി.

സാധാരണ മരുന്നുകൾ കഴിക്കുന്നത് വഴി പലപ്പോഴും പരിശോധനാ ഫലങ്ങളിൽ തെറ്റായ ലഹരി സാന്നിധ്യം കാണിക്കാറുണ്ട്. അതിനാൽ ഫലം പോസിറ്റീവ് ആയാൽ മെഡിക്കൽ റിവ്യൂ ഓഫീസറുടെ കൃത്യമായ പരിശോധന വേണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിലവിലെ നിയമപ്രകാരം എയർലൈനുകൾ തങ്ങളുടെ ജീവനക്കാരിൽ പത്ത് ശതമാനം പേരെയെങ്കിലും എല്ലാ വർഷവും നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ലഹരിക്ക് അടിമപ്പെട്ടവർ സ്വയം വിവരം അറിയിക്കാനും ചികിത്സ തേടാനുമുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടെങ്കിലും, ആരും തന്നെ ഇത് തുറന്നുപറയാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് എയർലൈനുകളുടെ തീരുമാനം.

Availability of Marijuana in foreign countries a headache for airlines; Testing tightened to detect drug use among pilots

More Stories from this section

family-dental
witywide