നയതന്ത്രം പരാജയപ്പെട്ടാൽ ശക്തമായ തിരിച്ചടിക്ക് ഇറാൻ; കനത്ത നാശനഷ്ടം വിതയ്ക്കാൻ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളുടെ പൊതുധാരണ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും ആക്രമിച്ചേക്കും

ടെഹ്റാൻ: മധ്യസ്ഥർ മുഖേന അമേരിക്കയുമായി നടത്തുന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ വിനാശകരമായ തിരിച്ചടി നൽകാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻപ് നടത്തിയ സൈനിക നീക്കങ്ങളേക്കാൾ വ്യാപകവും കനത്ത നാശനഷ്ടം ഉണ്ടാക്കുന്നതുമായിരിക്കണം അടുത്ത ആക്രമണമെന്ന കാര്യത്തിൽ ഇറാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങൾക്കിടയിൽ പൊതുധാരണ രൂപപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

മേഖലയിലെ മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതിനായി ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഏഴിന നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിട്ടുള്ളത്. സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകൾ അനുവദിക്കുക, തുറമുഖങ്ങളിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ കർശന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ആവശ്യങ്ങളിന്മേലുള്ള അമേരിക്കയുടെ അന്തിമ നിലപാടിനായി കാത്തിരിക്കുകയാണ് ടെഹ്റാൻ.

ചർച്ചകൾ പരാജയപ്പെടുന്ന പക്ഷം, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ, ഔദ്യോഗിക ഓഫിസുകൾ, മറ്റ് തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും ഇറാന്റെ പ്രത്യാക്രമണം. ഒപ്പം അമേരിക്കയെ പിന്തുണയ്ക്കുന്ന ഇതര രാജ്യങ്ങളും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ടെന്നാണ് സൂചന. യുഎസിന്റെ ഭാഗത്തുനിന്ന് വീണ്ടുമൊരു കടുത്ത സൈനിക നീക്കമുണ്ടായാൽ ഒപ്പം നിൽക്കാൻ ലെബനൻ, യെമൻ, ഇറാഖ് എന്നിവിടങ്ങളിലെ തങ്ങളുടെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ ഇതിനകം തന്നെ കർശന നിർദേശം നൽകിയിട്ടുണ്ട്. നയതന്ത്ര നീക്കങ്ങളിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ മേഖലയെ വീണ്ടുമൊരു യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുന്ന നീക്കങ്ങളാകും ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് വിദേശകാര്യ നിരീക്ഷകർ വിലയിരുത്തുന്നത്.

Iran prepares for a strong counter-attack against US if diplomacy fail; with the possibility of targeting nations that support the United States.

More Stories from this section

family-dental
witywide