
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്ന ആക്ഷേപത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങിയതോടെ ദേശീയ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ പ്രധാനപ്പെട്ട 11 മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ അധികൃതർ താത്കാലികമായി അടച്ചു.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച ഒക്ടോബർ 8 വരെയുള്ള ‘സേവ് ഡെമോക്രസി മാർച്ച്’ ഇന്ന് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 6-ന് പ്രതിപക്ഷ എം.പിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. ഇതിനുപുറമേ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനത പാർട്ടിയും ഇന്ന് മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ഡൽഹി ജന്തർ മന്തറിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
വിവിധ വിദ്യാർത്ഥി സംഘടനകളും യൂത്ത് കോൺഗ്രസും ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ന്യൂഡൽഹി ജില്ലയിൽ ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. 3000 മുതൽ 4000 ആളുകൾ വരെ ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന. ബാരിക്കേഡുകൾവച്ച് പൊലീസ് വഴി തടഞ്ഞിട്ടുണ്ട്. പ്രതിഷേധത്തിനായി എത്തുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ജൻപഥ്, പട്ടേൽ ചൗക്ക്, മാണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐ.എൻ.എ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമം മാർഗ്, ന്യൂഡൽഹി തുടങ്ങിയ 11 മെട്രോ സ്റ്റേഷനുകളുടെ എൻട്രി-എക്സിറ്റ് ഗേറ്റുകളാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അടച്ചിട്ടുള്ളത്. അതേസമയം രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിൽ മറ്റ് ലൈനുകളിലേക്ക് മാറാനുള്ള (Interchange) സൗകര്യം ലഭ്യമായിരിക്കും.
അതേസമയം, വിവാദമായ വോട്ടർപട്ടിക തിരുത്തൽ പ്രക്രിയയിലെ എല്ലാ തീരുമാനങ്ങളും കമ്മീഷൻ ഐകകണ്ഠ്യേനയാണ് എടുത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം.
Protests demanding the Chief Election Commissioner’s resignation intensify; 11 metro stations closed in Delhi.















