ഇറാൻ അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ; നിരവധി പേർ അറസ്റ്റിൽ, അയൽരാജ്യങ്ങളിലും നടപടി ശക്തം

മസ്ക്കറ്റ്: ഇറാനോട് ആഭിമുഖ്യം പുലർത്തുകയും ഇറാന്റെ നടപടികളെ മഹത്വവൽക്കരിക്കുകയും ചെയ്ത ഡസൻ കണക്കിന് ആളുകളുടെ പൗരത്വം ബഹ്‌റൈൻ റദ്ദാക്കി. വിദേശശക്തികൾക്ക് വേണ്ടി ചാരപ്രവൃത്തിയിൽ ഏർപ്പെട്ടു എന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ബഹ്‌റൈൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെ പിന്തുണച്ചവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആകെ 69 പേരുടെ പൗരത്വമാണ് ഇല്ലാതായത്. പൗരത്വം റദ്ദാക്കപ്പെട്ടവരെല്ലാം ബഹ്‌റൈൻ വംശജരല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇറാനെ പിന്തുണച്ച് ഷിയാ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആർക്കൊക്കെ പൗരത്വത്തിന് അർഹതയുണ്ടെന്ന് പുനപരിശോധിക്കാനും ഏപ്രിൽ 19-ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിഷേധങ്ങൾ നിരോധിച്ച സർക്കാർ, ഇറാൻ അനുകൂല നിലപാട് സ്വീകരിച്ച നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

ബഹ്‌റൈന് പുറമെ മറ്റു ഗൾഫ് രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് ഈ മാസം കുവൈറ്റിൽ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, രാജ്യത്തിനുള്ളിൽ രഹസ്യ സംഘടന രൂപീകരിക്കുകയും വിദേശശക്തികളോട് കൂറുപുലർത്തുകയും ചെയ്ത 27 പേരെ കഴിഞ്ഞ ആഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സും പിടികൂടിയിരുന്നു. ദേശീയ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും ഭംഗം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഗൾഫ് മേഖലയിലുടനീളം സ്വീകരിച്ചു വരുന്നത്.

More Stories from this section

family-dental
witywide