
ബാഗ്ദാദ്: വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ യുഎസ് നയതന്ത്ര കേന്ദ്രങ്ങളെയും പ്രധാന ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. കുർദിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ എർബിലിലുള്ള അമേരിക്കൻ കോൺസുലേറ്റിന് സമീപവും രാജ്യത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറിലുമാണ് ഇറാനിയൻ ഡ്രോണുകൾ അതിശക്തമായ ആക്രമണം നടത്തിയത്.
എർബിലിലെ യുഎസ് കോൺസുലേറ്റിന് സമീപം ഏഴോളം തവണ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സുലൈമാനിയയിലുള്ള ഖോർ മോർ വാതകപ്പാടത്തിന് നേരെയും ഇതേ സമയത്ത് ഡ്രോൺ ആക്രമണമുണ്ടായതായി ഇറാഖ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാഖിൻ്റെ ഊർജ്ജ വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.
ആക്രമണത്തെ തുടർന്ന് പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും പ്രതിരോധ ഡ്രോണുകളും എർബിലിന് മുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ അൻബാർ പ്രവിശ്യയിൽ വച്ച് ഒരു അമേരിക്കൻ ഡ്രോൺ തകർത്തതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അവകാശപ്പെട്ടു.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വൻതോതിൽ വർദ്ധിക്കുന്നതിൻ്റെ സൂചനയായാണ് ഈ സംഭവത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Drone attack on US consulate and gas field in Iraq; Fear of war again in the Middle East















