‘ബീപ്പറുകൾ ഓർമയുണ്ടോ’?യുഎൻ പൊതുസഭയിൽ പേജർ ഉയർത്തിക്കാട്ടി നെതന്യാഹു; കൂട്ടത്തോടെ ഇറങ്ങിപ്പോയി പ്രതിനിധികൾ

യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്നതിനിടെ പേജർ ഉപകരണം ഉയർത്തിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “ബീപ്പറുകൾ ഓർമയുണ്ടോ? ഹിസ്ബുള്ള എന്തായാലും അത് ഓർക്കുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയും” എന്ന് ഉപകരണം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ച അദ്ദേഹം ഇറാൻ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങൾക്കെതിരെയും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കെതിരെയും രൂക്ഷമായ വിമർശനവുമുയർത്തി. 2024 സെപ്റ്റംബറിൽ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച ബീപ്പറുകൾ പൊട്ടിത്തെറിച്ച് നിരവധിയാളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സൈനിക നീക്കത്തെ ഓർമിപ്പിക്കാനാണ് നെതന്യാഹു പേജർ പ്രദർശിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി ഏഴുശക്തികളോട് തങ്ങളുടെ സൈനികർ യുദ്ധം ചെയ്യുകയാണെന്നും ന്യൂജേഴ്സിയുടെ അത്രമാത്രം വലിപ്പമുള്ള മറ്റേതെങ്കിലും രാജ്യം ഇത്തരത്തിൽ മൂന്ന് വർഷം യുദ്ധം ചെയ്തതായി അറിയാമോ എന്നും നെതന്യാഹു ചോദ്യമുന്നയിച്ചു. ഇറാൻ സർക്കാരിനെ “കൊല്ലുന്ന ഏകാധിപത്യം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രയേലിനെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്നും പ്രഖ്യാപിച്ചു.

അതേസമയം, നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയതോടെ ഡസൻ കണക്കിന് ഡെലിഗേറ്റുകൾ സഭയിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ പ്രസംഗ വേളയിൽ പൊതുസഭാ ഹാളിലെ വലിയൊരു വിഭാഗം സീറ്റുകളും ആളുകളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയ്ക്കാണ് യുഎൻ സാക്ഷ്യം വഹിച്ചത്.

Benjamin Netanyahu Displays Pager at UN General Assembly; Delegates Walk Out in Protest

More Stories from this section

family-dental
witywide