ഇസ്രയേലിൽ മൊസാദ് മേധാവി റോമൻ ഗോഫ്മാനെതിരെ ആഭ്യന്തര വിമർശനം; നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി, രണ്ടുപേർ കൂടി രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: പുതിയ മേധാവി റോമൻ ഗോഫ്മാൻ ചുമതലയേറ്റതിന് പിന്നാലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയതോടെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ ആഭ്യന്തര ഭിന്നത രൂക്ഷമായതായി റിപ്പോർട്ട്. രണ്ടുപേർ കൂടി രാജിവയ്ക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഗോഫ്മാന്റെ പിൻഗാമിയാകാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഡെപ്യൂട്ടി ഡയറക്ടർ, ഇന്റലിജൻസ് വിഭാഗം, ഇറാൻ വിഭാഗം, ഓപ്പറേഷൻസ് വിഭാഗം എന്നിവയുടെ മേധാവികൾ എന്നിവരാണ് പുറത്താക്കപ്പെട്ടതെന്ന് ഇസ്രയേലി മാധ്യമമായ എൻ12നെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഏജൻസിയുടെ കംപ്ട്രോളറും മറ്റൊരു വിഭാഗം മേധാവിയും ഒരു മാസത്തിനുള്ളിൽ രാജിവച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കെയർടേക്കർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ഡിസംബറിലാണ് ഗോഫ്മാന്റെ നിയമനം പ്രഖ്യാപിച്ചത്. 2026 ജൂണിൽ അദ്ദേഹം ചുമതലയേറ്റു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡേവിഡ് ബർണിയയ്ക്ക് പകരമായാണ് നിയമനം. അതേസമയം, മൊസാദിൽ പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകൾ ഏജൻസി നിഷേധിച്ചു. എൻ12ന്റെ റിപ്പോർട്ട് പക്ഷപാതപരവും വസ്തുതാവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച മൊസാദ്, ബന്ധമില്ലാത്ത സംഭവങ്ങളെ കൂട്ടിച്ചേർത്ത് പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും പ്രതികരിച്ചു. ഗോഫ്മാന്റെ നടപടികൾ മുൻ മൊസാദ് ഉദ്യോഗസ്ഥരിൽനിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

രഹസ്യാന്വേഷണ മേഖലയിൽ മുൻപരിചയമില്ലാത്ത ഒരാളാണ് ഏജൻസിയുടെ തലപ്പത്തെത്തിയതെന്ന് ഒരു മുൻ ഉദ്യോഗസ്ഥൻ വിമർശിച്ചു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും നിർണായക വൈദഗ്ധ്യമുള്ളവരെയും പുറത്താക്കുന്നത് ഏജൻസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പദ്ധതി പ്രതീക്ഷിച്ച രീതിയിൽ നടപ്പാക്കാൻ മൊസാദിന് കഴിഞ്ഞില്ലെന്ന് കരുതിയാണ് ഇന്റലിജൻസ്, ഇറാൻ വിഭാഗങ്ങളുടെ മേധാവികളെ ഗോഫ്മാൻ പുറത്താക്കിയതെന്ന് ഓഗസ്റ്റിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

മുൻ നേതൃത്വത്തിന് കീഴിൽ മൊസാദ് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇത്ര വ്യാപകമായ അഴിച്ചുപണിയുടെ ആവശ്യമില്ലായിരുന്നുവെന്നും മുൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പൊട്ടിത്തെറിക്കുന്ന പേജറുകളും വോക്കി ടോക്കികളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി രഹസ്യനീക്കങ്ങൾ ഏജൻസി വിജയകരമായി നടപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ഇത്ര വലിയ മാറ്റങ്ങൾ വരുത്തുന്നത് എന്തിനാണെന്നും ഗോഫ്മാന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

Israel’s Mossad chief Roman Gofman faces internal criticism after four top officials fired, two more likely to quit: Report

More Stories from this section

family-dental
witywide