മയാമിയിൽ ബോട്ട് പൊട്ടിത്തെറിച്ചു; 15 പേർക്ക് പരിക്ക്

അമേരിക്കയിലെ മയാമിക്ക് സമീപമുള്ള പ്രശസ്ത വിനോദകേന്ദ്രമായ ഹൗലോവർ സാൻഡ്ബാറിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ബോട്ട് പൊട്ടിത്തെറിച്ച അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. മയാമി-ഡേഡ് ഫയർ റെസ്ക്യൂ വിഭാഗത്തിന്റെ വിവരമനുസരിച്ച്, ഉച്ചയ്ക്ക് 12.48ഓടെ ബിസ്‌കെയ്ൻ ബേയിലെ ഹൗലോവർ സാൻഡ്ബാറിന് സമീപം “ബോട്ട് പൊട്ടിത്തെറിച്ചു ” എന്ന വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തരസേന സ്ഥലത്തെത്തി. സാൻഡ്ബാറിന് സമീപം നിർത്തിയിട്ടിരുന്ന ഒരു ചാർട്ടർ ബോട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ബോട്ടിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു. അമേരിക്കൻ കോസ്റ്റ് ഗാർഡിനെ ഉൾപ്പെടെ 25-ലധികം രക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. “ചികിത്സ ആവശ്യമായ നിരവധി ആളുകളെ കണ്ടെത്തി,” എന്ന് മയാമി-ഡേഡ് ഫയർ റെസ്ക്യൂ അറിയിച്ചു. പരിക്കേറ്റ 15 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനിലയെയോ പരിക്കുകളുടെ ഗുരുതരാവസ്ഥയെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പൊട്ടിത്തെറിയുടെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വിനോദസഞ്ചാരികളും ബോട്ടുടമകളും നിറഞ്ഞ തിരക്കിനിടെയായിരുന്നു സംഭവം. സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും തിരക്കേറിയ ബോട്ടിംഗ്, പാർട്ടി കേന്ദ്രങ്ങളിലൊന്നാണ് ഹൗലോവർ സാൻഡ്ബാർ.

ബോട്ടിംഗ് സീസൺ തുടരുന്നതിനിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് മയാമി-ഡേഡ് ഫയർ റെസ്ക്യൂ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ബോട്ടുകളിൽ പ്രവർത്തനക്ഷമമായ അഗ്നിശമന ഉപകരണങ്ങളും നിർബന്ധമായ സുരക്ഷാസാധനങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും യാത്രയ്ക്ക് മുമ്പ് ബോട്ടിന്റെ സുരക്ഷാ പരിശോധന നിർബന്ധമായും നടത്തണമെന്നും അധികൃതർ നിർദേശിച്ചു.

Boat explodes in Miami; 15 injured

More Stories from this section

family-dental
witywide