ചരിത്രം തിരുത്തി സ്കോട്ട് കൊളം; 1874-ന് ശേഷം മിസിസിപ്പിയിലെ ആദ്യ കറുത്തവർഗക്കാരനായ യു.എസ്. സെനറ്റർ

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രനേട്ടം കുറിച്ച് ഡെമോക്രാറ്റ് നേതാവ് സ്കോട്ട് കൊളം. മിസിസിപ്പിയിലെ യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സിറ്റിംഗ് സെനറ്റർ സിൻഡി ഹൈഡ്-സ്മിത്തിനെ പരാജയപ്പെടുത്തിയതോടെ, 1874-ന് ശേഷം ഈ സംസ്ഥാനത്ത് നിന്ന് സെനറ്റിലെത്തുന്ന ആദ്യ കറുത്തവർഗക്കാരനായി അദ്ദേഹം മാറി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള പുനർനിർമ്മാണ കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഒരു കറുത്തവർഗക്കാരൻ മിസിസിപ്പിയെ പ്രതിനിധീകരിച്ച് സെനറ്റിൽ എത്തുന്നത്.

നവംബർ 3-ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് 43-കാരനായ ഡിസ്ട്രിക്ട് അറ്റോർണി കൊളം നേരിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്. യു.എസ്. മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ വിജയം പ്രഖ്യാപിച്ചത്. 1982-ൽ ജോൺ സ്റ്റെന്നിസ് വിജയിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മിസിസിപ്പിയിൽ നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അടിമ സ്ത്രീയുടെ മകനായി ജനിച്ച ബ്ലാഞ്ച് ബ്രൂസ് 1874-ൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇതിന് മുൻപുള്ള ചരിത്രം.

ദീർഘകാലമായി വെള്ളക്കാരായ യാഥാസ്ഥിതികർക്ക് ആധിപത്യമുണ്ടായിരുന്ന മിസിസിപ്പിയിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് ഈ ഫലം വഴിയൊരുക്കുന്നത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് 23 ശതമാനത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സംസ്ഥാനമാണിത്. അഭിപ്രായ സർവേകളിലെല്ലാം 67-കാരിയായ ഹൈഡ്-സ്മിത്തായിരുന്നു മുന്നിൽ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ഹൈഡ്-സ്മിത്തിനെ രക്ഷിക്കാനായില്ല. ഈ വിജയത്തോടെ യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ നിയന്ത്രണം ഉറപ്പിച്ചു.

ടൗൺ ഹാൾ യോഗങ്ങൾ, പൊതുഭവന സമുച്ചയങ്ങൾ, ഉത്സവങ്ങൾ, ഫുഡ് ട്രക്കുകൾ എന്നിവ കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രചാരണമാണ് കൊളം നടത്തിയത്. ഇന്ധനവില വർദ്ധനവിന് കാരണമായ ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങൾ ജനങ്ങളെ വഞ്ചിച്ചുവെന്ന കൊളമിന്റെ പ്രചാരണം വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കി. 2023-ൽ ഫെഡറൽ ഡിസ്ട്രിക്ട് ജഡ്ജിയായി ജോ ബൈഡൻ കൊളമിനെ നാമനിർദ്ദേശം ചെയ്തപ്പോൾ, ട്രാൻസ്ജെൻഡർ വിഷയങ്ങളിലെ നിലപാട് ചൂണ്ടിക്കാട്ടി ഹൈഡ്-സ്മിത്ത് അത് തടഞ്ഞിരുന്നു.

“കഠിനമായ വഴിയിലൂടെ, താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചാണ് ഞങ്ങൾ ഇത് നേടിയെടുത്തത്,” വിജയത്തിന് ശേഷം കൊളം പ്രതികരിച്ചു. വംശീയവും ഭൂമിശാസ്ത്രപരവുമായ വേർതിരിവുകൾക്കപ്പുറം ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റിക് സെനറ്റർമാരായ റാഫേൽ വാർനോക്ക്, കോറി ബുക്കർ എന്നിവർ പ്രചാരണത്തിനെത്തിയതും കൊളമിന് കരുത്തായി.

Scott Colom Makes History; First Black U.S. Senator from Mississippi Since 1874

More Stories from this section

family-dental
witywide