
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടങ്ങിയത് അമേരിക്കയല്ലെന്നും 1979 മുതൽ ടെഹ്റാൻ വാഷിംഗ്ടണിനെതിരെ യുദ്ധം ചെയ്തുവരികയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ നടന്ന ദേശീയ വെറ്ററൻസ് ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗികമായ ഒരു ഒത്തുതീർപ്പിന് പകരം ഇറാനുമേൽ സമ്പൂർണ്ണ വിജയം നേടാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും തന്റെ ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങളെ ന്യായീകരിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
1979 മുതൽ ഇറാൻ അമേരിക്കയ്ക്കെതിരെ യുദ്ധത്തിലാണെന്നും ഇത് വളരെ മുൻപ് തന്നെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സൈനിക നടപടികൾ ഇറാന്റെ ശേഷിയെ കാര്യമായി തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. 93 ശതമാനം വിജയമല്ല, മറിച്ച് സമ്പൂർണ്ണ വിജയമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, അമേരിക്ക തകർത്തവ പുനർനിർമ്മിക്കാൻ ഇറാന് 25 വർഷമെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇനി ആ രാജ്യത്തെ കൂടുതൽ നശിപ്പിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു, ഞങ്ങൾ വിജയിച്ചു. 93 ശതമാനം വിജയമല്ല, മറിച്ച് സമ്പൂർണ്ണ വിജയമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ തകർത്തവ പുനർനിർമ്മിക്കാൻ ഇറാന് 25 വർഷമെടുക്കും,” ട്രംപിൻ്റെ വാക്കുകൾ ഇങ്ങനെ.
ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ അമേരിക്കൻ സൈന്യം ബി-2 ബോംബറുകൾ ഉപയോഗിച്ചതിനെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. ഇതിലൂടെ ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ വാഷിംഗ്ടണിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. “ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽ നിന്നും ഞങ്ങൾ തടഞ്ഞു. ബി-2 (B-2) ബോംബറുകൾ അവയെ തകർത്തു. 7 മാസം മുൻപാണ് ഞങ്ങൾ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചത്, അതിൽ ഏതാനും ആഴ്ചകൾ മാത്രമാണ് കടുത്ത പോരാട്ടം നടന്നത്. നമുക്ക് 18 മഹത്തായ ജീവനുകൾ നഷ്ടമായി. എന്നാൽ ഈ സംഘർഷം അവസാനിക്കുമ്പോൾ—അത് ഉടൻ തന്നെ സംഭവിക്കും—ഈ ലോകം മുഴുവൻ കൂടുതൽ സുരക്ഷിതവും മികച്ചതുമായ ഒരിടമായിരിക്കും. കൂടുതൽ സമാധാനപൂർണ്ണമായ, നമ്മൾ അനുഭവിച്ചതുപോലുള്ള അപകടങ്ങളില്ലാത്ത ഒരിടമായിരിക്കും അത്.”
ഏഴ് മാസം മുൻപ് ആരംഭിച്ച സൈനിക നടപടികളിൽ ഏതാനും ആഴ്ചകൾ മാത്രമാണ് കടുത്ത പോരാട്ടം നടന്നതെന്നും, ഈ സംഘർഷം ഉടൻ അവസാനിക്കുന്നതോടെ ലോകം കൂടുതൽ സുരക്ഷിതവും സമാധാനപൂർണ്ണവുമാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തോടെ ആരംഭിച്ച ഈ യുദ്ധം ട്രംപ് ഭരണകൂടത്തിന് ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ തിരിച്ചടിയായിട്ടുണ്ട്. ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് തിരിച്ചടി നേരിടാൻ ഈ സംഘർഷം കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. പോരാട്ടത്തിൽ 18 സൈനികരെ നഷ്ടപ്പെട്ടതായി ട്രംപ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും, പെന്റഗണിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 23 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
‘It will take Iran 25 years to recover; the US did not start the war’ – Trump justifies military action in Iran.















