മയക്കുവെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ ഡാമിലിറങ്ങിയ ചക്കക്കൊമ്പൻ കരകയറി, ബൂസ്റ്റർ ഡോസ് നൽകിയാൽ വീണ്ടും വെള്ളത്തിലിറങ്ങുമെന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി; വെളിച്ചക്കുറവും വെല്ലുവിളി

മൂന്നാർ: മയക്കുവെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ അണക്കെട്ടിലിറങ്ങിയ ചക്കക്കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കരയ്ക്ക് കയറ്റി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ 301 ഏക്കറിലെ അംഗനവാടിക്ക് സമീപത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. വെടിയേറ്റ ശേഷം ഈട്ടിക്കമല ഭാഗത്തേക്ക് ഓടിയ ആന പിന്നീട് ജലാശയത്തിലിറങ്ങി നീന്താൻ തുടങ്ങിയത് വനപാലകരുടെയും നാട്ടുകാരുടെയും ചങ്കിടിപ്പേറ്റിയിരുന്നു; വെള്ളത്തിൽ വെച്ച് മയങ്ങിയാൽ ആനയുടെ ജീവന് തന്നെ അപകടമാകുമെന്നതിനാൽ ബോട്ടുകളിലെത്തിയ സംഘം പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കരയ്ക്ക് കയറ്റിയത്.

നിലവിൽ തീരത്ത് നിന്ന് മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന ചക്കക്കൊമ്പൻ ഏറെ ക്ഷീണിതനാണ്. എന്നാൽ ആന പൂർണ്ണമായി മയങ്ങാത്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകിയാൽ വീണ്ടും ജലാശയത്തിലേക്ക് ഇറങ്ങുമോ എന്നത് ദൗത്യസംഘത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈകുന്നേരമായതോടെ പ്രദേശത്ത് വെളിച്ചക്കുറവ് അനുഭവപ്പെടുന്നതും ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. തുടർനടപടികൾ സംബന്ധിച്ച് ദൗത്യസംഘം അടിയന്തര ചർച്ചകൾ നടത്തുകയാണ്.

മൂന്നാം ദിവസമായ ഇന്ന് രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങാതിരിക്കാൻ ബോട്ടുകളിലടക്കം സംഘത്തെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുരുത്തിലെ കാട്ടിൽ നിന്നും മറയൂർ കുടി, കൊക്കു പാറ ഭാഗങ്ങളിലേക്ക് നീങ്ങിയ ആനയെ അനുയോജ്യമായ സ്ഥലത്തെത്തിച്ചാണ് ഉച്ചയ്ക്ക് ശേഷം വെടിവെച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ മയക്കുവെടി വെച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. ആന മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി കുങ്കിയാനകളെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Chakkakomban Comes Ashore from Anayirankal Dam After Tranquilizer Shot; Risk of Re-entering Water and Fading Light Pose Challenge for Booster Dose

More Stories from this section

family-dental
witywide