11 ലക്ഷത്തിന്റെ തൂക്കുവിളക്ക്, 5.5 ലക്ഷത്തിന്റെ സോഫ; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ ഇനി പൊതുജനങ്ങൾക്ക് കാണാം, 20 രൂപ ടിക്കറ്റിൽ പ്രവേശനം

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ഫ്ലാഗ്സ്റ്റാഫ് റോഡിലെ വിവാദ ബംഗ്ലാവ് (‘ശീഷ് മഹൽ’) ഡൽഹി സർക്കാർ മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തു. പൊതുപണം ഉപയോഗിച്ച് അമിതവിലയ്ക്ക് വാങ്ങിയെന്ന് ബിജെപി ആരോപിക്കുന്ന ആഡംബര ഫർണിച്ചറുകളും ഉൾവശത്തെ സൗകര്യങ്ങളും ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കോടെ ബംഗ്ലാവ് പൊതുജനങ്ങൾക്കും സന്ദർശിക്കാനായി തുറന്നുകൊടുക്കും.

58.83 കോടി രൂപ ചെലവഴിച്ചാണ് വസതി നവീകരിച്ചതും ഫർണിച്ചറുകൾ വാങ്ങിയതുമെന്നാണ് കണക്കുകൾ. 11.56 ലക്ഷം രൂപയുടെ തൂക്കുവിളക്ക് (ചാൻഡലിയർ), 6.79 ലക്ഷം രൂപയുടെ സെൻട്രൽ ടേബിൾ, 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ, 5.58 ലക്ഷം രൂപയുടെ കസേരകൾ, 5.47 ലക്ഷം രൂപയുടെ സോഫ എന്നിവയാണ് പ്രദർശിപ്പിച്ച വസ്തുക്കളിൽ പ്രധാനപ്പെട്ടവ. ഇവയ്ക്ക് പുറമെ എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, ജക്കൂസി ബാത്ത്, സ്പാ, വിലകൂടിയ പരവതാനികൾ, അഞ്ച് ഒഎൽഇഡി ടിവികൾ എന്നിവയും വസതിയിലുണ്ട്.

പൊതുജനങ്ങൾക്കായി 20 രൂപ ടിക്കറ്റ് നിരക്കിൽ പ്രവേശനം അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മുതിർന്ന പൗരന്മാർക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ഈ ആഴ്ച തന്നെ നിലവിൽ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് (PWD) മന്ത്രി പർവേഷ് വർമ്മ അറിയിച്ചു. പരിമിതമായ കാലയളവിലേക്ക് മാത്രമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവുകയെന്നും, അതിനുശേഷം ഔദ്യോഗിക സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിനായി വസതിയുടെ നടത്തിപ്പ് ഒരു സ്വകാര്യ ഹോസ്പിറ്റാലിറ്റി കമ്പനിക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കെജ്‌രിവാളിന്റെ ഭരണകാലത്ത് നടന്ന വൻ അഴിമതിയുടെയും കൊള്ളയുടെയും തെളിവാണ് ഈ വസതിയെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ആരോപിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് ഡൽഹിയിലെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ, വിയറ്റ്നാമിൽ നിന്ന് മാർബിളും വിദേശത്തുനിന്ന് പാത്രങ്ങളും ഫർണിച്ചറുകളും ഇറക്കുമതി ചെയ്ത് മുൻ മുഖ്യമന്ത്രി ധൂർത്തടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2015 മുതൽ 2024 വരെ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ഫ്ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പർ ബംഗ്ലാവിനെ, 2025 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിജെപി ‘ശീഷ് മഹൽ’ എന്ന് വിശേഷിപ്പിച്ചത്. കെജ്‌രിവാൾ വസതി ഒഴിഞ്ഞതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഇവിടെ വിശദമായ പരിശോധന നടത്തിയിരുന്നു. നിലവിൽ പത്തോളം ജീവനക്കാരെയാണ് ബംഗ്ലാവിന്റെ ശുചീകരണത്തിനും പരിപാലനത്തിനുമായി നിയോഗിച്ചിരിക്കുന്നത്.

Kejriwal’s ‘Sheesh Mahal’ is now open for public viewing—entry with a 20-rupee ticket.

More Stories from this section

family-dental
witywide