ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിറങ്ങവെ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ദില്ലി പൊലീസ് ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കർശന ഉപാധികളോടെ വിട്ടയച്ചത്. ഒരു വർഷത്തെക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലെ പ്രതിഷേധത്തിനായി എത്തിയ ദീപ്കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പൊലീസ് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ പത്തിന് ജന്തർ മന്തർ മാർച്ചിനായി ദില്ലിയിലെത്തിയ ദീപ്കെയെയും സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. അതേസമയം, ഇന്നലെ ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹാ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചു.
നേതാക്കളുടെ കസ്റ്റഡി നടപടികൾക്കിടയിലും രാജ്യതലസ്ഥാനത്ത് ‘തിരംഗ യാത്ര’യോടനുബന്ധിച്ച് വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കോക്ക്റോച്ച് ജനത പാർട്ടിക്ക് (സി.ജെ.പി) പിന്തുണയുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും ആം ആദ്മി പാർട്ടിയും തെരുവിലിറങ്ങി. കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും പൊലീസ് വിലക്ക് ലംഘിച്ച് ദേശീയ പതാകയേന്തി നൂറുകണക്കിന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചത് സ്ഥലത്ത് വൻ സംഘർഷത്തിന് വഴിവെച്ചു.
CJP Founder Abhijit Dipke Granted Bail With Strict Conditions; ‘Tiranga Yatra’ Sparks Protests in Delhi















