ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടത്താൻ ആഹ്വാനം ചെയ്ത ‘ലഹ്റാ ദോ തിരംഗ’ (ത്രിവർണ പതാക പാറട്ടെ) മാർച്ചുമായി ബന്ധപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ കസ്റ്റഡിയിൽ. കൊണാട്ട് പ്ലേസ് പ്രതിഷേധത്തിന് അനുമതിയുള്ള സ്ഥലമല്ലെന്നും അതിനാൽ മാർച്ച് നടത്തരുതെന്നും ആവശ്യപ്പെട്ട് ഡൽഹി പോലീസ് അഭിജീത്തിന് പോലീസ് ഉച്ചയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചെന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്. മാർച്ചുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആളുകൾ ഒത്തുകൂടിത്തുടങ്ങിയതോടെ കൊണാട്ട് പ്ലേസിലും പാലിക ബസാർ മേഖലയിലും സുരക്ഷ ശക്തമാക്കി.
ഒക്ടോബർ 13ന് പ്രതിഷേധങ്ങൾക്കുള്ള ഔദ്യോഗിക വേദിയെന്ന പദവി എടുത്തുകളഞ്ഞ ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തിയതിനെ തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവരെ അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരുടെ അറസ്റ്റിനെതിരെയാണ് സിജെപി തിരംഗ യാത്രയ്ക്ക് ആഹ്വാനം ചെയ്തത്. വിദ്യാർഥി സംഘടനകൾ, പ്രവർത്തകർ, ആം ആദ്മി പാർട്ടി (എ.എ.പി) എന്നിവരും മാർച്ചിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും രാജ്യത്തെ മറ്റ് നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ താനും അറസ്റ്റിലായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഡൽഹിയിൽ കൊണാട്ട് പ്ലേസിലെ പാലിക മാർക്കറ്റിന്റെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിൽ ദേശീയപതാകയുമായി ആളുകൾ ഒത്തുകൂടിയതോടെ ഇന്നർ സർക്കിളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രദേശത്തെ ജനക്കൂട്ടത്തെയും സാഹചര്യങ്ങളെയും പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിച്ചുവരികയാണ്. ലൂട്ടിയൻസ് ഡൽഹിയിലും പരിസരത്തുമായി 6,000ത്തിലധികം പൊലീസുകാരെ വിന്യസിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. മറ്റ് ജില്ലകളിൽനിന്ന് 5,000 പൊലീസുകാരെക്കൂടി സജ്ജമാക്കിയിട്ടുണ്ട്.
രാജീവ് ചൗക്ക്, കൊണാട്ട് പ്ലേസിലെ വ്യാപാരമേഖലകൾ, സെൻട്രൽ പാർക്ക്, സമീപത്തെ മെട്രോ സ്റ്റേഷനുകൾ, ജന്തർ മന്തർ, പാലിക ബസാർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. സെൻട്രൽ പാർക്കിലും രാജീവ് ചൗക്കിലും പത്തിലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, മുംബൈയിലെ ആസാദ് മൈതാനിൽ വെള്ളിയാഴ്ച ‘ലഹ്റാ ദോ തിരംഗ’ റാലി നടത്താൻ സി.ജെ.പിക്ക് പൊലീസ് അനുമതി നൽകി. ജയിലിലുള്ള നേതാക്കളായ ആശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് റാലി നടത്തുന്നത്. റാലി ആസാദ് മൈതാനിൽ മാത്രമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മനീഷ് കൽവാനിയ പി.ടി.ഐയോട് പറഞ്ഞു. പ്രതിഷേധങ്ങൾക്ക് ഔദ്യോഗികമായി അനുമതിയുള്ള സ്ഥലമായതിനാലാണ് റാലിക്ക് അനുമതി നൽകിയതെന്ന് മറ്റൊരു ഉദ്യോഗസ്ഥനും വ്യക്തമാക്കി.
Lehra Do Tiranga; Abhijeet Dipke detained, cops deploy drones to monitor crowd at Central Park protest











