
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശനിയാഴ്ച രാജ്യതലസ്ഥാനത്ത് നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് സുരക്ഷയും പരിശോധനകളും ശക്തമാക്കി. നഗരത്തിലെ ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ചാണ് വ്യാപകമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും അനുമതിയില്ലാതെ ആളുകൾ ഒത്തുകൂടുന്നത് തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് പൊലീസ് നീക്കം.
പഹാഡ്ഗഞ്ച് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെ താമസസ്ഥലങ്ങളിൽ ഒക്ടോബർ 8 നും 11 നും ഇടയിൽ മുറികൾ ബുക്ക് ചെയ്തവരെയും ഹ്രസ്വകാല താമസത്തിനായി എത്തിയവരെയുമാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. 20-30 വയസ്സ് പ്രായമുള്ളവരുടെ വലിയ ഗ്രൂപ്പുകളായി താമസിക്കുന്നവരെ പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയും ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി തുടങ്ങിയ നേതാക്കളുടെ താമസസ്ഥലങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച്, സ്പെഷ്യൽ സെൽ എന്നിവർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
ചട്ടപ്രകാരം 10 ദിവസം മുമ്പ് അപേക്ഷ നൽകാത്തതിനാലും മുൻപത്തെ സമരങ്ങളിൽ നിയമലംഘനം ഉണ്ടായതിനാലും ജന്തർ മന്ദിറിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 163 പ്രകാരം ജന്തർ മന്ദിർ പരിസരത്ത് നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തുന്നത് തടയാൻ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ഡൽഹി അതിർത്തികൾ എന്നിവടങ്ങളിലും കനത്ത ജാഗ്രതയുണ്ട്. സുരക്ഷ മുൻനിർത്തി വെള്ളിയാഴ്ച രാത്രി 9 മണി മുതൽ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകളുടെ എൻട്രി-എക്സിറ്റ് ഗേറ്റുകൾ അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ, പ്രതിഷേധത്തിനായി എത്തുന്നവരെ തിരിച്ചറിയാൻ മാത്രമാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ എന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്.
CJP Protest: Widespread police checks in Delhi hotels; Crime Branch searching for Abhijit Dipke’s place of stay.















