‘ഞങ്ങൾ അത് തിരിച്ചുപിടിച്ചു’: ജന്തർ മന്തറിലെ വിലക്ക് മറികടന്ന് അകത്ത് കയറി സിജെപി നേതാക്കൾ, സൗരവ് ദാസും ആശുതോഷ് റങ്കയും കസ്റ്റഡിയിൽ – വീഡിയോ

ഡൽഹിയിലെ ജന്തർ മന്തറിലെ വിലക്ക് മറികടന്ന് അകത്തുകടന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ വേദിയെന്ന പദവിയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കി ഒരു ദിവസത്തിനുശേഷമാണ് ചൊവ്വാഴ്ച രാവിലെ ഇരുവരും പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് അകത്തുകടന്നത്. പാർട്ടിയുടെ ദേശീയ സംഘടനാ ചുമതലയുള്ള അജിൻക്യ ഷിൻഡെയും ഇവർക്കൊപ്പമുണ്ടായിരുന്നു. പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് അകത്തുകടക്കുന്ന ദൃശ്യങ്ങൾ ആശുതോഷ് റങ്ക എക്സിൽ പങ്കുവച്ചു.

പൊലീസ് ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൗരവ് ദാസിനും റങ്കയ്ക്കുമൊപ്പം പത്തിലധികം പേരും സ്ഥലത്തെത്തിയിരുന്നു. ഇവരിൽ ചിലർ ദേശീയ പതാകയുമായി ജന്തർ മന്തറിനുള്ളിൽ കടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ചു. എല്ലാവരെയും കസ്റ്റഡിയിലെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ‘ഭാരത് മാതാ കീ ജയ്’, ‘ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി.

“ത്രിവർണ പതാകയുമായി എത്തിയ കോക്രോച്ചുകൾ ഇന്ന് പുലർച്ചെ ജന്തർ മന്തറിലേക്ക് നുഴഞ്ഞുകയറി. പിന്നാലെ ഡൽഹി പൊലീസ് അവരെ പിടികൂടി,” എന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു. പ്രതിരോധത്തെ ഒരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ല എന്നും നേതാക്കളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ദിപ്കെ പ്രതികരിച്ചു.

കസ്റ്റഡിയിലായതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ, “ഞങ്ങൾ ജന്തർ മന്തർ തിരിച്ചുപിടിച്ചു,” എന്നായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ജന്തർ മന്തറിൽ നിന്നുതന്നെയുണ്ടാകുമെന്നും എന്തു സംഭവിച്ചാലും അതിൽ മാറ്റമുണ്ടാകില്ലെന്നും ആശുതോഷ് റങ്കയും പറഞ്ഞു.ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി 24 മണിക്കൂർ തികയുംമുമ്പ് അത് തിരിച്ചുപിടിച്ചെന്നും സൗരവ് ദാസ് അവകാശപ്പെട്ടു. “സർക്കാരിനുള്ള സന്ദേശമാണിത്—ജനങ്ങളുടെ ജന്തർ മന്തറിൽനിന്ന് കൈയെടുക്കുക. ഗ്യാനേഷ് കുമാറിൻ്റെ കാലം കഴിഞ്ഞു,” എന്നും അദ്ദേഹം കുറിച്ചു.

തിങ്കളാഴ്ചയാണ് ജന്തർ മന്തറിന് നിശ്ചിത പ്രതിഷേധ വേദിയെന്ന പദവി നഷ്ടമായത്. പ്രതിഷേധങ്ങൾ നടത്താൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പുതിയ വേദികൾ നിർദേശിച്ച് ഡൽഹി പൊലീസ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതോടെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തി. നിലവിലെ പ്രതിഷേധ വേദിക്ക് പകരം അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നതായും സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജന്തർ മന്തറിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും സർക്കുലറിൽ പറയുന്നു.

രാംലീല മൈതാനം, ബുറാഡി മൈതാനം, ഷഹ്ദാരയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. ഈ വർഷം ജൂൺ മുതൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. അഭിജീത് ദിപ്കെ സ്ഥാപിച്ച സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ നേരത്തേയും ദിപ്കെ രംഗത്തെത്തിയിരുന്നു. “ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽനിന്ന് അവർ ഒഴിവാക്കി. ഭീരുവായ ഏകാധിപതി അതിനെ നേരത്തേ യുദ്ധഭൂമിയാക്കി മാറ്റിയിരുന്നു. ഇനി രാജ്യം മുഴുവൻ ജന്തർ മന്തറാകും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

CJP’s Saurav Das, Ashutosh Ranka breach locked Jantar Mantar, detained: ‘We reclaimed it’

Also Read

More Stories from this section

family-dental
witywide